മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുന്നു’; രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്ന് കെ സുരേന്ദ്രൻ
മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുഖ്യമന്ത്രി നിയമവാഴ്ച അട്ടിമറിക്കുകയാണെന്നും രാജിവച്ച് ജുഡീഷ്യൽ അന്വേഷണം നേരിടണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. രാഷ്ട്രപതിക്കും ഗവർണർക്കും നേരെ ആരും പ്രതിഷേധിക്കാൻ പാടില്ല. അപ്പോൾ തന്നെ വെടിവച്ച് കൊല്ലുന്ന സ്ഥിതിയാണ് ലോകം മുഴുവനുള്ളത് എന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
“തെളിവുകളും കത്തുകളുടെ പിൻബലവുമുണ്ട്. അതുകൊണ്ട് മുഖ്യമന്ത്രി രാജിവച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്ന് ഞങ്ങൾ ആവശ്യപ്പെടുകയാണ്. നിങ്ങൾ സിപിഐഎമിനു വേണ്ടിയാണ് സംസാരിക്കുന്നതെങ്കിൽ അതിനുള്ള വ്യക്തമായ മറുപടി ഗവർണർ പറഞ്ഞിട്ടുണ്ട്. രാഗേഷ് എന്തിനാണ് സ്റ്റേജിൽ നിന്നിറങ്ങിപ്പോയത്? പൊലീസിനെ തടയാനും അവരെ കസ്റ്റഡിയിലെടുക്കാനും സാധിക്കുമായിരുന്നു. പക്ഷേ, അത് തടസപ്പെടുത്തുന്നതിൻ്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സ്വമേധയാ കേസെടുക്കാവുന്നതാണ്. പരാതി കൊടുക്കേണ്ട കാര്യമില്ല. സ്വമേധയാ കേസെടുക്കുന്നതുകൊണ്ടാണ് അദ്ദേഹം നിയമവാഴ്ച അട്ടിമറിയ്ക്കുന്നു എന്ന് ഞാൻ പറഞ്ഞത്. നിയമവാഴ്ചയോട് ബഹുമാനമുണ്ടെങ്കിൽ അന്നേ കേസെടുക്കേണ്ടതായിരുന്നു. ഇനിയും കേസെടുക്കുമെന്ന പ്രതീക്ഷ ആർക്കുമില്ല. ഗവർണർ സ്റ്റേഷൻ ഓഫീസറുടെ അടുത്തുപോയിട്ട് ഒരു പരാതിയും ഇക്കാര്യത്തിൽ കൊടുക്കേണ്ടതില്ല.”- കെ സുരേന്ദ്രൻ പറഞ്ഞു.
“ഗവർണറുടെ സെക്യൂരിറ്റി പ്രോട്ടോകോൾ അനുസരിച്ച് അദ്ദേഹത്തെ തടസപ്പെടുത്തുന്നവർക്കെതിരെ ഐപിസി നിയമമുണ്ട്. ആ നിയമം അനുസരിച്ച് ഏഴ് വർഷം വരെ ശിക്ഷ ലഭിക്കാവുന്ന കേസാണ്. അതുകൊണ്ട് ആ കേസെടുക്കുന്നതിൽ വൈമനസ്യം കാണിച്ചു. അറസ്റ്റ് ചെയ്യുന്നതിൽ നിന്ന് തടഞ്ഞു. മനപൂർവം കേസെടുക്കാതെ ഈ കുറ്റകൃത്യത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനം സ്വീകരിച്ചു. ഇതൊന്നും ഒരു മുഖ്യമന്ത്രിയിൽ നിന്ന് ഉണ്ടാവരുതാത്തതാണ്. അദ്ദേഹം നിയമലംഘനമാണ് നടത്തിയത്. അദ്ദേഹം സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നത്. അദ്ദേഹം സ്വജനപക്ഷപാതമാണ് നടത്തിയിരിക്കുന്നത്. രാഷ്ട്രപതിക്കും ഗവർണർക്കും നേരെ ആരും പ്രതിഷേധിക്കാൻ പാടില്ല. അപ്പത്തന്നെ വെടിവച്ച് കൊല്ലുന്ന സ്ഥിതിയാണ് ലോക മുഴുവനുള്ളത്.”- സുരേന്ദ്രൻ വ്യക്തമാക്കി.