Saturday, January 4, 2025
Kerala

കൊവിഡ് മൂന്നാം തരംഗ മുന്നൊരുക്കം: സജ്ജമാക്കിയത് അത്യാധുനിക 100 ഐസിയു കിടക്കകളെന്ന് മന്ത്രി

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ 2 പുതിയ ഐസിയുകള്‍ കൂടി സജ്ജമാക്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്നാം തരംഗം മുന്നില്‍ കണ്ടുള്ള മുന്നൊരുക്കത്തിന്റെ ഭാഗമായി 100 ഐ.സി.യു. കിടക്കകളാണ് സജ്ജമാക്കിയത്. ഈ ഐ.സി.യുകള്‍ക്കായി ആദ്യഘട്ടത്തില്‍ 17 വെന്റിലേറ്ററുകളാണ് സ്ഥാപിക്കുന്നത്. അതില്‍ 9 വെന്റിലേറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ബാക്കിയുള്ള വെന്റിലേറ്ററുകള്‍ ഉടന്‍ സ്ഥാപിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. ഇതുകൂടാതെ കൂടുതല്‍ വെന്റിലേറ്ററുകള്‍ സ്ഥാപിക്കുന്നതാണ്. എസ്.എ.ടി. ആശുപത്രിയില്‍ പീഡിയാട്രിക് രോഗികള്‍ കൂടിയാല്‍ അവരെക്കൂടി ഉള്‍ക്കൊള്ളുന്ന തരത്തിലാണ് ഈ ഐ.സി.യുകള്‍ സജ്ജമാക്കിയിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഐ.സി.യുകളുടെ ഉദ്ഘാടനം ഈ മാസം 23ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ചടങ്ങില്‍ അധ്യക്ഷത വഹിക്കും.

5.5 കോടി രൂപ ചെലവഴിച്ച് മെഡിക്കല്‍ കോളജ് ആശുപത്രിയിലെ 7, 8 വാര്‍ഡുകള്‍ നവീകരിച്ചാണ് അത്യാധുനിക ഐ.സി.യു. സംവിധാനം സജ്ജമാക്കിയത്. ഓരോ വാര്‍ഡിലും ഒരു ഐസിയുവും ഒരു ഹൈ ഡിപ്പന്റന്‍സി യൂനിറ്റും ഒരുക്കിയിട്ടുണ്ട്. പൂര്‍ണമായും എയര്‍കണ്ടീഷന്‍ ചെയ്തു. ഓരോ കിടക്കയിലും കേന്ദ്രീകൃത ഓക്‌സിജന്‍ വിതരണ സംവിധാനമുള്ള സെന്‍ട്രല്‍ സക്ഷനും ലഭ്യമാക്കിയിട്ടുണ്ട്. മാത്രമല്ല അടിയന്തര ഘട്ടത്തില്‍ വെന്റിലേറ്റര്‍ ഘടിപ്പിക്കാനുള്ള സംവിധാനവുമുണ്ട്.

എല്ലാ കിടക്കകളിലും മള്‍ട്ടി പാരാമീറ്റര്‍ മോണിറ്റര്‍ സംവിധാനമുണ്ട്. ഇതിലൂടെ ഓരോ രോഗിയേയും 24 മണിക്കൂറും നിരീക്ഷിക്കാന്‍ സാധിക്കുന്നു. ഇതിനോടനുബന്ധിച്ച് സെന്‍ട്രലൈസ്ഡ് നഴ്‌സിങ് സ്‌റ്റേഷനും ഒരുക്കി. ഇവിടെയിരുന്ന് ഡോക്ടര്‍മാര്‍ക്ക് ഓരോ രോഗിയുടേയും മോണിറ്ററിന്റെ വിശദാംശങ്ങള്‍ നിരീക്ഷിക്കുന്നതിനുള്ള കേന്ദ്രീകൃത സംവിധാനവും ഒരുക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *