ദുബായിൽ നിന്ന് വ്യാജ പാസ്പോർട്ട് ഉപയോഗിച്ച് കൊല്ലം സ്വദേശി ഇന്ത്യയിലേക്ക് കടന്നുവെന്ന കേസ് റദ്ദാക്കി ഹൈക്കോടതി
ദുബായിൽ നിന്നും വ്യാജ പാസ്പോർട്ട് കാണിച്ച് മുംബൈ വിമാനത്താവളം വഴി ഇന്ത്യയിലേക്ക് കടന്നുവെന്ന് കാട്ടി കൊല്ലം ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസ് ഹൈക്കോടതി റദ്ദാക്കി. ശക്തികുളങ്ങര കൂട്ടിത്തറ പടിഞ്ഞാറ്റതിൽ മിനിമോളുടെ പേരിൽ രജിസ്റ്റർ ചെയ്തിരുന്ന കേസാണ് ഹൈക്കോടതി തള്ളിയത്. ഒമ്പത് വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിന്റെ അന്വേഷണം പൂർണമായും പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിംഗിൾ ബെഞ്ച് വിധി പറഞ്ഞത്.
മിനിമോൾക്കെതിരെ ശക്തികുളങ്ങര പൊലീസ് 2014ലാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസിന്റെ തുടർനടപടികൾ നടന്നിരുന്നത്. ഇത്രയധികം വർഷം കഴിഞ്ഞിട്ടും അന്തിമ അന്വേഷണ റിപ്പോർട്ട് കോടതിയിൽ ഹാജരാക്കാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇത് അന്വേഷണത്തിലെ വീഴ്ചയാണെന്ന നീരീക്ഷണമാണ് ഹൈക്കോടതി നടത്തിയത്.
മുംബൈ വിമാനത്താവളത്തിൽ നിന്ന് സിബിഐയോടും രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും മറുപടി ലഭിച്ചിട്ടില്ലെന്നും പ്രൊസിക്യൂഷൻ വ്യക്തമാക്കി. പൊലീസ് അങ്ങനെയൊരാവശ്യം ഉന്നയിച്ചിട്ടില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനായ ഡെപ്യൂട്ടി സൊളിസിറ്റർ ജനറൽ ഹൈക്കോടതിൽ പറഞ്ഞത്.
തെളിവുകൾ ശേഖരിക്കാനുള്ള ശ്രമം പൊലീസ് നടത്തിയിട്ടില്ലെന്നും വിദേശത്തേക്ക് യാത്രചെയ്യാനുള്ള മൗലിക അവകാശത്തിന്റെ നിഷേധമാണ് പൊലീസ് നടപടിയെന്നും ഹർജിക്കാരിയുടെ അഭിഭാഷകരായ ശ്രീരാജ് എം.ഡി, അംജദ് എ, അജ്മൽ പുല്ലാനിയിൽ എന്നിവർ ഹൈക്കോടതിയെ അറിയിച്ചു.
2014ൽ ശക്തികുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്ത കേസും കൊല്ലം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലെ നടപടിക്രമങ്ങളുമാണ് ഹൈക്കോടതി റദ്ദാക്കിയത്. കേസ് അന്വേഷണം 10 വർഷത്തിലധികം നീളുന്നത് ശരിയല്ലെന്നും അന്വേഷണം പരാജയപ്പെട്ടത് പരാതിക്കാരി കാരണമല്ലെന്നും ഹൈക്കോടതിയുടെ വിധിന്യായത്തിൽ പറയുന്നു.