Monday, March 10, 2025
Kerala

പുതുപ്പള്ളിയുടെ ഹൃദയത്തിലേക്ക് ഉമ്മൻ ചാണ്ടി; സംസ്കാര ചടങ്ങിൽ രാഹുൽ ​ഗാന്ധി പങ്കെടുക്കും

കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൃതസംസ്കാര ചടങ്ങിൽ കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി പങ്കെടുക്കും. നാളെ രണ്ട് മണിക്കാണ് പുതുപ്പള്ളി പള്ളി സെമിത്തേരിയിൽ സംസ്കാര ചടങ്ങുകൾ നടക്കുക. അതേ സമയം ഇന്ന് രാവിലെ ഏഴ് മണിക്ക് തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട വിലാപയാത്ര വെഞ്ഞാറമൂടിന് ശേഷമുള്ള കൊപ്പം എന്ന സ്ഥലത്തേക്ക് എത്തിയിട്ടേയുള്ളൂ. എപ്പോഴാണ് പുതുപ്പള്ളിയിൽ എത്തുക എന്ന കാര്യത്തിൽ വ്യക്തതയില്ല. കാരണം കടന്നു പോകുന്ന വഴികളിൽ നൂറുകണക്കിന് ജനങ്ങളാണ് അദ്ദേഹത്തെ അവസാനമായി കാണാൻ കാത്തുനിൽക്കുന്നത്.

ഉമ്മൻചാണ്ടിയുടെ വിടവാങ്ങലിലൂടെ നഷ്ടമായത് ജനകീയ അടിത്തറയുള്ള നേതാവിനെയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പറഞ്ഞു. വിശാല പ്രതിപക്ഷ യോഗത്തിനായി ബംഗ്ലൂരുവിലുള്ള രാഹുൽ, ബംഗ്ലൂരുവിൽ ഉമ്മൻചാണ്ടിയുടെ ഭൌതിക ശരീരം പൊതു ദർശനത്തിന് വെച്ച കോൺഗ്രസ് നേതാവ് ടി ജോണിന്റെ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു. സോണിയ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെ, കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അടക്കമുള്ള നേതാക്കളും രാഹുലിനൊപ്പം നേരിട്ടെത്തി അനുശോചനം അറിയിച്ചു. നേതാക്കളെ കണ്ട് വിതുമ്പിയ ഭാര്യ മറിയാമ്മയെയും മകളെയും രാഹുൽ ചേർത്തുപിടിച്ചാശ്വസിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *