Tuesday, January 7, 2025
Kerala

കോഴിക്കോട് ജില്ലയില്‍ ഇന്ന് സമ്പൂര്‍ണ്ണ ലോക്ഡൌണ്‍; അനാവശ്യമായി പുറത്തിറങ്ങിയാല്‍ നടപടി

കോഴിക്കോട് ജില്ലയില്‍ സമ്പര്‍ക്കത്തിലൂടെ കോവിഡ് പടരുന്ന സാഹചര്യത്തില്‍ നിയന്ത്രണം ശക്തമാക്കുന്നു. കൂടുതല്‍ സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മേഖലകളിലെ ജനപ്രതിനിധികളുടെ യോഗം ഇന്ന് ചേരും. ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൌണാണ്.

ഇന്നലെ കോഴിക്കോട് ജില്ലയില്‍ റിപ്പോര്‍ട്ട ചെയ്യപ്പെട്ട 26 കോവിഡ് കേസുകളില്‍ 22ഉം സമ്പര്‍ക്കത്തിലൂടെ വന്നതാണ്.ഇതാണ് ആശങ്ക സൃഷ്ടിക്കുന്നത്. സമ്പര്‍ക്ക കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എടച്ചേരി ,ഏറാമല,പുറമേരി ഗ്രാമപഞ്ചായത്തുകളെ മുഴുവനായും കണ്ടെയ്ന്‍മെന്‍റ് സോണുകളായി പ്രഖ്യാപിച്ചു.വേളം വളയം വില്ല്യാപ്പള്ളി ചോറോട് ചെങ്ങോട്ടുകാവ്,മൂടാടി പഞ്ചായത്തുകളിലെ ചില വാര്‍ഡുകളും കണ്ടെയ്ന്‍മെന്‍റ് സോണാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ വടകര നാദാപുരം മേഖലയിലെ ജനപ്രതിനിധികളുടെ ഓണ്‍ലൈന്‍ യോഗം വിളിച്ചിട്ടുണ്ട്.

ഇന്ന് ജില്ലയില്‍ സമ്പൂര്‍ണ ലോക്ഡൌണായതിനാല്‍ അനാവശ്യമായി പുറത്ത് ഇറങ്ങുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കും. വൈദ്യ സഹായത്തിനും മറ്റു അടിയന്തര ആവശ്യങ്ങള്‍ക്കും മാത്രമേ പുറത്തിറങ്ങാന്‍ പാടുള്ളൂ. മാളുകളും സൂപ്പര്‍മാര്‍ക്കറ്റുകളും തുറക്കില്ല. മെഡിക്കല്‍ ഷോപ്പുകളും അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകളും മാത്രമേ തുറക്കാന്‍ പാടുള്ളൂവെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *