Thursday, January 23, 2025
Kerala

ഡോക്ടർ വന്ദന ദാസ് കൊലക്കേസ്; പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു

ഡോക്ടർ വന്ദന ദാസ് കൊലക്കേസിൽ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. കത്രിക ഉപയോഗിച്ച് ഒന്നിലേറെ പേരെ കുത്തിയെന്നാണ് കുറ്റസമ്മത മൊഴി. പുലർച്ചെ നടന്ന തെളിവെടുപ്പിന് പിന്നാലെയാണ് ഇയാളുടെ കുറ്റസമ്മതം. ഇയാൾ അക്രമാസക്തനാകാനുള്ള കാരണമാണ് നിലവിൽ ക്രൈം ബ്രാഞ്ച് തേടുന്നത്.

ഡോ. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. ആഴത്തിലേറ്റ നാല് കുത്തുകളാണ് മരണകാരണം. കൊട്ടാരക്കര താലൂക്കാശുപത്രിയിൽ പ്രതിയുമായി പൊലീസ് പുലർച്ചെ തെളിവെടുപ്പ് നടത്തി. കഴിഞ്ഞ 10 ന് പുലർച്ചെ 4.40 നായിരുന്നു കൊലപാതകം. അതേസമയത്ത് തെളിവെടുപ്പും പൂർത്തിയാക്കി. പുലർച്ചെ 4.37 നാണ് ഇയാളെ താലൂക്ക് ആശുപത്രിയിൽ തെളിവെടുപ്പിന് എത്തിച്ചത്. കൊലപാതകവും കൊലപാതകത്തിന് ശേഷം നടന്ന നടന്ന കാര്യങ്ങളും പ്രതി ക്രൈംബ്രാഞ്ച് സംഘത്തോട് വിവരിച്ചു.

കഴിഞ്ഞ ദിവസം ഡോ വന്ദനദാസ് കൊലപതാക കേസിലെ പ്രതി സന്ദീപിനെ വീണ്ടും മാനസിക പരിശോധനയ്ക്ക് വിധേയനാക്കിയിരുന്നു . സർക്കാർ നിർദേശ പ്രകാരം മെഡിക്കൽ കോളജിൽ നിന്നുള്ള വിദഗ്ധ സംഘമാണ് പരിശോധന നടത്തിയത്. പേരൂർക്കട മനസികാരോഗ്യ കേന്ദ്രത്തിൽ ആയിരുന്നു പരിശോധന. പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന് വിദഗ്ദ്ധ സംഘം കണ്ടെത്തി. ഇതോടെ പ്രതിക്ക് മാനസിക പ്രശ്നങ്ങൾ ഇല്ലെന്ന ആദ്യ റിപ്പോർട്ട് വിദഗ്ദ്ധ സംഘവും ശരിവച്ചു. ലഹരിക്ക് അടിമപ്പെട്ടാണ് സന്ദീപ് കൊല നടത്തിയതെന്ന് വിലയിരുത്തൽ. കൊലപാതക സമയത്ത് മാരകമായ സിന്തറ്റിക് മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായും സംശയമുണ്ട്.

ഡോക്ടർ വന്ദന ദാസ് കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്നലെ രണ്ട് ഇടങ്ങളിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ചെറുകരകോണത്തെ സന്ദീപിൻ്റെ വീട്ടിലും, സുഹൃത്തിൻ്റെ വീട്ടിലും എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. സന്ദീപ് പൊലീസിനെ വിളിച്ചു വരുത്തിയ ചെറുകര കോണത്തെ ശ്രീകുമാറിൻ്റെ വീട്ടിലായിരുന്നു ആദ്യ തെളിവെടുപ്പ്.

നിലവിൽ സന്ദീപ് ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി 5 ദിവസത്തേക്കാണ് കസ്റ്റഡിയിൽ വിട്ടത്. പ്രതിയ്ക്ക് വൈദ്യസഹായം നൽകണമെന്നും കോടതി നിർദേശിച്ചിരുന്നു. സന്ദീപിനായി അഡ്വ. ബി ആളൂരാണ് കോടതിയിൽ ഹാജരായത്.

Leave a Reply

Your email address will not be published. Required fields are marked *