കേരളത്തിലെ വന്യജീവി ആക്രമണം: ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമഭേദഗതികൾ കൊണ്ടുവരണമെന്ന് ജോസ് കെ മാണി
കേരളത്തിൽ വർദ്ധിച്ചു വരുന്ന വന്യജീവി ആക്രമങ്ങളിൽ വനം വകുപ്പിനെ വിമർശിച്ച് ജോസ് കെ മാണി. ജനവാസ മേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ മൃഗങ്ങളെ മറ്റൊരിടത്തേക്ക് മാറ്റുന്നത് പരാജയമാണ്. ഷൂട്ട് അറ്റ് സൈറ്റ് പോലുള്ള നിയമ ഭേദഗതിയാണ് വേണ്ടതെന്ന് ജോസ് കെ മാണി. പരിസ്ഥിതി – വന്യ മൃഗ സംരക്ഷണത്തിൻ്റെ മറവിൽ സാധാരണക്കാരോട് ക്രൂരതയാണ് കാണിക്കുന്നതെന്നും വിഷയത്തിൽ ഓർഡിനൻസ് ഉൾപ്പെടെ കൊണ്ടുവരണമെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് ഇന്ന് കാട്ടുപോത്തിന്റെ ആക്ടമാനത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപെട്ട സാഹചര്യത്തിൽ പ്രതികരിക്കുകയായിരുന്നു ജോസ് കെ മാണി. കോട്ടയം എരുമേലി കണമലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ രണ്ട് പേരാണ് മരിച്ചത്. പുറത്തേൽ ചാക്കോച്ചൻ (65) ആണ് മരിച്ചത്. പ്ലാവനാക്കുഴിയിൽ തോമസ് (60) എന്നിവരാണ് മരിച്ചത്. ആക്രമണത്തിൽ പരുക്കേറ്റ തോമസ് ചികിത്സയിലായിരുന്നു.
കൊല്ലം ഇടമുളക്കലിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ വൃദ്ധൻ മരിച്ചു. ഇടമുളയ്ക്കൽ കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) ആണ് മരിച്ചത്. ഇന്ന് രാവിലെ എട്ടരയ്ക്കാണ് ആക്രമണം ഉണ്ടായത്. റബ്ബർ വെട്ടുന്ന ആളെ കാണാൻ പോയപ്പോഴായിരുന്നു കാട്ടുപോത്തിന്റെ ആക്രമണം. പാറക്കൂട്ടത്തിന്റെ പുറകിൽ നിന്ന് കാട്ടുപോത്ത് കുതിച്ചെത്തി വർഗീസിനെ കുത്തുകയായിയുന്നു. വർഗീസിന്റെ വയറ്റിലാണ് കുത്തേറ്റത്. ഇന്നലെ രാത്രിയിലാണ് വർഗീസ് ഗൾഫിൽ നിന്നെത്തിയത്.