Saturday, October 19, 2024
Kerala

ടൗട്ടെയ്ക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു; കേരളത്തില്‍ വീണ്ടും കനത്ത മഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം: ടൗട്ടേക്ക് പിന്നാലെ യാസ് ചുഴലിക്കാറ്റ് വരുന്നു. ഇതോടെ കേരളത്തില്‍ അടുത്തയാഴ്ച മഴ വീണ്ടും കനക്കും എന്ന് കാലാവസ്ഥ നിരീക്ഷകര്‍ വിലയിരുത്തുന്നു. 23 ന് ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപംകൊള്ളും എന്നാണ് കണക്കുകൂട്ടല്‍. ഇത് പെട്ടെന്നുതന്നെ തീവ്ര ന്യൂനമര്‍ദ്ദം ആകും. ചുഴലിക്കാറ്റായി മാറിയാല്‍ യാസ് എന്ന പേരിലായിരിക്കും അറിയപ്പെടുക.

തെക്കന്‍കേരളത്തില്‍ ഇരുപത്തിയഞ്ചാം തീയതി മുതല്‍ മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് വിലയിരുത്തപ്പെടുന്നത്. തൊട്ടടുത്ത ദിവസം തന്നെ മഴ വടക്കന്‍ കേരളത്തിലേക്കും വ്യാപിക്കും എന്നാണ് കണക്കുകൂട്ടുന്നത്.

അതേസമയം, ഗുജറാത്തില്‍ കരയിലേക്ക് വീശിയടിച്ച ടൗട്ടെ ചുഴലിക്കാറ്റ് ദുര്‍ബലമായി. ഇന്നലെ രാത്രി 9 മണിയോടെ കരയിലേക്ക് പ്രവേശിച്ചതിന് പിന്നാലെയാണ് അതിതീവ്ര ചുഴലിയില്‍ നിന്ന് തീവ്ര ചുഴലിയായി ടൗട്ടെ മാറിയത്. ആളപായമൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
തീരമേഖലയില്‍ റെഡ് അലര്‍ട്ട് തുടരുകയാണ്.

Leave a Reply

Your email address will not be published.