Thursday, April 17, 2025
Kerala

കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്ത്; കെ. സുധാകരന്‍

സംഭരിച്ച നെല്ലിന്റെ പണം നൽകാതിരുന്നതിനെ തുടര്‍ന്ന് കര്‍ഷകര്‍ നാട്ടില്‍ ആത്മഹത്യ ചെയ്യുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയനും സംഘവും വീണ്ടും ലോകം ചുറ്റാന്‍ പോകുന്നത് ധൂര്‍ത്തും അഴിമതിയുമാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. സൗദിയിലേക്കുള്ള യാത്ര ചെലവിനും മറ്റുമായി ഇതിനോടകം രണ്ട് കോടി ഖജനാവില്‍നിന്ന് അനുവദിച്ചിട്ടുണ്ട്. മുമ്പു നടന്ന യാത്രകളുടെ കണക്കോ, പിരിച്ച തുകയുടെ കണക്കോ ആര്‍ക്കും അറിയില്ല. ഇവ അടിയന്തരമായി ജനങ്ങളുടെ മുമ്പില്‍ വയ്ക്കണമെന്ന് സുധാകരന്‍ ആവശ്യപ്പെട്ടു.

ലോക കേരളസഭയുടെ പേരില്‍ നടക്കുന്നത് വന്‍കൊള്ളയും പണപ്പിരിവുമാണ്. അമേരിക്കയില്‍ സംഘടിപ്പിച്ച ലോകകേരള സഭയുടെ പേരില്‍ വന്‍തോതിലാണ് പ്രവാസികളെ സിപിഎം കൊള്ളയടിച്ചത്. ഇതിന് പിന്നാലെയാണ് സൗദിയില്‍ സമ്മേളനം സംഘടിപ്പിക്കുന്നത്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം നടത്തിയ ലോക കേരള സഭകള്‍ കൊണ്ട് പ്രവാസികളുടെ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

നികുതിപോലും പിരിച്ചെടുക്കാതെയും നികുതിയിതര വരുമാനം കണ്ടെത്തി സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കാതെയും മുഖ്യമന്ത്രിയും സംഘവും വിദേശയാത്രകള്‍ നടത്തി ഉല്ലസിക്കുന്നത് കേരള ജനതയോടുള്ള വെല്ലുവിളിയാണ്. ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പെടെയുള്ളവയും വികസന പ്രവര്‍ത്തനങ്ങളും മുടങ്ങാതെ ഇരിക്കാന്‍ കടമെടുക്കേണ്ട ഗതികെട്ട അവസ്ഥയിലാണ് കേരളം. സംസ്ഥാനം തന്നെ വിറ്റാല്‍പോലും അടച്ച് തീര്‍ക്കാന്‍ കഴിയാത്തത്ര കടബാധ്യതയുണ്ട്. പിറന്നു വീഴുന്ന കുഞ്ഞിനെപ്പോലും കടക്കാരാനാക്കിയ പിണറായി ഭരണം കഴിയുമ്പോള്‍ കേരള സംസ്ഥാനം തന്നെ ഉണ്ടാകുമോയെന്ന് സംശയമാണ്. എന്നിട്ടാണ് മുഖ്യമന്ത്രിയും പരിവാരങ്ങളും പ്രവാസി സമൂഹത്തിന് ഒരു ഗുണവുമില്ലാത്ത വിദേശയാത്രകള്‍ സംഘടിപ്പിക്കുന്നതെന്നും കെ.സുധാകരന്‍ കുറ്റപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *