തലസ്ഥാനത്തെ തീരപ്രദേശം അടച്ചു; നിയന്ത്രണം മൂന്ന് സോണായി തിരിച്ച്
തിരുവനന്തപുരത്ത് സമ്പർക്ക രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ തീരപ്രദേശത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. ഇന്ന് മുതൽ പത്ത് ദിവസത്തേക്കാണ് ലോക്ക് ഡൗൺ. തീരപ്രദേശത്തെ മൂന്ന് സോണായി തിരിച്ചാണ് നിയന്ത്രണം
ഇടവ, ഒറ്റൂർ, അഞ്ചുതെങ്ങ്, കടയ്ക്കാവൂർ, വക്കം പഞ്ചായത്ത്, വർക്കല മുൻസിപ്പാലിറ്റി എന്നിവ ആദ്യ സോണിൽ ഉൾപ്പെടുന്നു. ചിറയിൻകീഴ്, കഠിനംകുളം, കോർപറേഷനിലെ തീരപ്രദേശം എന്നിവ രണ്ടാം സോണിൽ ഉൾപ്പെടുന്നു. കോട്ടുക്കാൽ, കരിങ്കുളം, പൂവാർ, കുളത്തൂർ പഞ്ചായത്തിലെ തീരപ്രദേശം സോൺ മൂന്നാണ്. മുൻ നിശ്ചയിച്ച പരീക്ഷകൾ ഈ സോണിൽ മാറ്റിവെക്കും.
ഓഫീസുകൾ പ്രവർത്തിക്കില്ല, ആശുപത്രികൾ, മെഡിക്കൽ അനുബന്ധ സ്ഥാപനങ്ങൾ എന്നിവക്ക് പ്രവർത്തിക്കാം. ദേശീയപാതയിലൂടെ ഗതാഗതം അനുവദിക്കും. വാഹനം നിർത്താൻ അനുവദിക്കില്ല. പാൽ, പലചരക്ക്, ഇറച്ചി, പച്ചക്കറി കടകൾ രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം നാല് മണി വരെ പ്രവർത്തിക്കാം