സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിലാണ് ശക്തമായ മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ നേരിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനാണ് സാധ്യത.കള്ളക്കടൽ പ്രതിഭാസത്തിനും, ഉയർന്ന തിരമാലയ്‌ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്. അടുത്ത അഞ്ച് ദിവസം കൂടി മഴ തുടരുമെന്നാണ് പ്രവചനം.
വരും ദിവസങ്ങളിൽ മധ്യ വടക്കൻ ജില്ലകളിലാകും ശക്തമായ മഴ ലഭിക്കുക. തീരദേശ മേഖലകളിൽ ഉയർന്ന തിരമാലക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുണ്ട്. മലയോര തീരദേശ മേഖലകളിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും കർണാടക തീരങ്ങളിൽ 21 വരെ മത്സ്യബന്ധനം നടത്തരുതെന്നും നിർദ്ദേശമുണ്ട്. അതേസമയം, കേരള ലക്ഷദ്വീപ് തീരങ്ങളിൽ നിലവിൽ മത്സ്യ ബന്ധന വിലക്കില്ല.