വൈദ്യുതി ലൈനിന്‍റെ ശേഷി കൂട്ടുന്ന ടെണ്ടറിൽ ക്രമക്കേട്; ലക്ഷങ്ങളുടെ നഷ്ടമെന്ന് വിജിലന്‍സ്, നടപടിക്ക് ശുപാര്‍ശ
തിരുവനന്തപുരം: കെഎസ്ഇബി ലൈനിന്‍റെ ശേഷി കൂട്ടുന്നതിനുള്ള ടെണ്ടറിൽ ക്രമക്കേടെന്ന് വിജിലൻസ്. ടെണ്ടറിൽ ഒന്നാമതെത്തിയ കമ്പനിയെ മറികടന്ന്, രണ്ടാമതെത്തിയ കമ്പനിക്ക് കരാർ നൽകിയതിലൂടെ 34 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണ്ടെത്തൽ. ടെണ്ടറിലെ ക്രമക്കേടിലൂടെ കെഎസ്ഇബിക്ക് നഷ്ടമായ പണം ചീഫ് എഞ്ചിനിയർ ഉള്‍പ്പെടെ അഞ്ച് ഉന്നത ഉദ്യോഗസ്ഥരിൽ നിന്ന് തിരിച്ചുപിടിക്കാൻ വിജിലൻസ് ശുപാർശ ചെയ്തു. ഭരണാനുകൂല സംഘടനയിൽപ്പെട്ട ഉദ്യോഗസ്ഥരെ രക്ഷിക്കാനും നീക്കമുണ്ട്.
ആലപ്പുഴ ട്രാൻസ്മിഷൻ സർക്കിളിൽ വരുന്ന ആലപ്പുഴ- പൂപ്പള്ളി 66 കെവി ലൈൻ 110 കെവിയാക്കുന്നതിനാണ് ടെണ്ടർ വിളിച്ചത്. ടെണ്ടറിൽ നടന്നത് ആസൂത്രിത ക്രമക്കേടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ടെണ്ടറിൽ കുറഞ്ഞ തുക ക്വാട്ട് ചെയ്തത നാഗ്പ്പൂരിലെ വി-ടെക് എഞ്ചിനീഴ്സാണ് ഒന്നാമതെത്തിയത്. എന്നാൽ, വി-ടെക്കിനെ മറികടന്ന് ടെണ്ടർ പരിശോധിച്ച ഉദ്യോഗസഥ സംഘം ടെണ്ടറിൽ രണ്ടാമതെത്തിയ ഫാത്തിമ എഞ്ചിനിയറിങ് പ്രൈവറ്റ് ലിമിറ്റഡുമായി ചർച്ച തുടങ്ങി.
മുമ്പെടുത്തിട്ടുള്ള കരാറുകളിലെ മെല്ലെപ്പോക്ക് ചൂണ്ടികാട്ടിയായിരുന്നു നടപടി. രണ്ടാമത്തെ കമ്പനിക്ക് തന്നെ കരാർ നൽകണമെന്ന് ചീഫ് എഞ്ചിനീയർ ഫയലിൽ എഴുതി. ഇതിനെതിരെ വി ടെക് ഹൈക്കോടതിയെ സമീപിച്ചു. പിന്നാലെ ടെണ്ടർ റദ്ദാക്കിയ കെഎസ്ഇബി വീണ്ടും ടെണ്ടർ വിളിച്ചു. അതിൽ പങ്കെടുത്ത ഒരോയൊരു കമ്പനിയായ ഫാത്തിമ എഞ്ചിനീയേഴ്സിന് കരാർ നൽകി. തുടര്‍ന്ന് വി-ടെക്കിന്‍റെ പരാതിയിലാണ് കെഎസ്ഇബി വിജിലൻസ് അന്വേഷണം നടത്തിയത്.
ടെണ്ടർ നടപടിയിൽ ക്രമക്കേട് നടന്നുവെന്നാണ് വിജിലൻസ് റിപ്പോർട്ട്. ഏറ്റവും കുറഞ്ഞ തുക ക്വാട്ട് ചെയ്ത കമ്പനിക്ക് പകരം അതിനെക്കാൾ കൂടുതൽ തുക പറഞ്ഞ കമ്പനിക്ക് കരാർ നൽകിയതിലൂടെ കെഎസ്ഇബിക്ക് 34,13,268 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നാണ് കണ്ടെത്തൽ. കേന്ദ്ര വിജിലൻസ് കമ്മീഷന്‍റെ മാനദണ്ഡങ്ങള്‍ മറികടന്നാണ് ടെണ്ടർ നടപടികള്‍ നടന്നതെന്നും കണ്ടെത്തി. സംഭവത്തിൽ ചീഫ് എഞ്ചിനീയർ സജി പൗലോസ്, ഡെപ്യൂട്ടി ചീഫ് എഞ്ചിനിയർ ലീലാമയി, എക്സിക്യൂട്ടീവ് എഞ്ചിനിയർ ശ്രീവിദ്യ, സി.എക്സിക്യൂട്ടീവ് എഞ്ചിനിയർ നബീസ, അസി.എഞ്ചിനിയർ അരുണ്‍ എന്നിവർക്ക് കെഎസ്എസ്ഇബി ചെയർമാൻ കാരണം കാണിക്കൽ നോട്ടീസ് നൽകി.
കമ്പനിക്ക് നഷ്ടമായ പണം ഉദ്യോഗസ്ഥരിൽ നിന്നും തിരിച്ചുപിടിക്കാനാണ് ശുപാർശ. കാരണം കാണിക്കൽ നോട്ടീസിലും ഇക്കാര്യം ചൂണ്ടികാട്ടിയിട്ടുണ്ട്. ചെയർമാന് ലഭിച്ച കാരണം കാണിക്കൽ നോട്ടീസ് ഇപ്പോള്‍ ലീഗൽ സെല്ലിലേക്ക് അയച്ചിരിക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരിൽ ഒരാള്‍ ചീഫ് എഞ്ചിനീയറായുള്ള സ്ഥാന കയറ്റ പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഭരണാനൂകൂല സംഘടനയിൽപ്പെട്ടവരാണ് ആരോപണ വിധേയരായിരിക്കുന്നത്. അതിനാൽ നടപടികള്‍ മരിവിപ്പിച്ച് സ്ഥാനകയറ്റം നൽകാനുള്ള അട്ടിമറി നീക്കം നടക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട്.