‘താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല, ഇവിടെ ആ പരിപ്പ് വേവില്ല’; കേരള സ്റ്റോറി സംവിധായകന് മറുപടിയുമായി വി ശിവന്‍കുട്ടി
വിവാദ ചിത്രം ‘ദ കേരള സ്റ്റോറി’യുടെ സംവിധായകന് മറുപടിയുമായി മന്ത്രി വി ശിവന്‍കുട്ടി. കേരളത്തിലെ യുവതികളെ തീവ്രവാദ സംഘടനകള്‍ റിക്രൂട്ട് ചെയ്തിട്ടുണ്ടെന്ന് സമര്‍ഥിക്കുന്ന ചിത്രത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. സാമൂഹിക- രാഷ്ട്രീയ രംഗത്തുള്ള പലരും സിനിമയക്ക് എതിരെ രംഗത്തെത്തിയിരുന്നു.
മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ കേരളത്തിനെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് മന്ത്രി രംഗത്ത് എത്തിയത്. ‘സുദീപ്‌തോ സെന്‍, താങ്കള്‍ക്ക് കേരളം എന്തെന്ന് അറിയില്ല. ഇവിടെ ആ പരിപ്പ് വേവില്ല’, മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. മുംബൈയില്‍ ദ കേരള സ്റ്റോറി സംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു സുദീപ്‌തോ സെന്നിന്റെ പരാമര്‍ശം. കേരളത്തില്‍ രണ്ട് തരത്തില്‍ സ്ഥലങ്ങളുണ്ട് എന്നായിരുന്നു പ്രതികരണം.
‘കേരളത്തില്‍ രണ്ട് തരത്തിലുള്ള സ്ഥലങ്ങളുണ്ട്. ആദ്യത്തേത് ചിത്രങ്ങളിലൊക്കെ കാണുന്നത് പോലെ, മനോഹരമായ കായല്‍, സ്ഥലങ്ങള്‍, കളരിപ്പയറ്റ്, നൃത്തം എന്നിവയടങ്ങിയതാണ്. മറ്റൊരു കേരളം വടക്ക് ഭാഗമാണ്, മലപ്പുറം, കാസര്‍കോട്, കോഴിക്കോട് ഉള്‍പ്പടെ ദക്ഷിണ കര്‍ണാടകയെ ബന്ധിപ്പിക്കുന്ന സ്ഥലങ്ങള്‍. ഒരു ഭീകര ശൃംഖലയുടെ കേന്ദ്രമാണിവിടം’, എന്നായിരുന്നു സുദീപ്‌തോ സെന്നിന്റെ പരാമര്‍ശം.