Monday, January 6, 2025
Kerala

മല്ലപ്പള്ളി പ്രസംഗത്തില്‍ സജി ചെറിയാന് ആശ്വാസം; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളി

മന്ത്രി സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാനും ഹര്‍ജിക്കാര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. അഡ്വ ബൈജു നോയലാണ് സിബിഐ അന്വേഷണം വേണമെന്ന ആവശ്യമുയര്‍ത്തി ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

കേരള പൊലീസിന്റെ അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു ഹര്‍ജിക്കാരന്‍ പ്രധാനമായും കോടതിയില്‍ ചൂണ്ടിക്കാണിച്ചിരുന്നത്. വിഷയത്തില്‍ സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചിരുന്നു. ഈ ഘട്ടത്തില്‍ കേസില്‍ സിബിഐ അന്വേഷണം അപക്വമാണെന്നും ഹര്‍ജിക്കാരന് വേണമെങ്കില്‍ പൊലീസ് റഫര്‍ റിപ്പോര്‍ട്ടിനെതിരെ മജിസ്‌ട്രേറ്റ് കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി നിര്‍ദേശം നല്‍കുകയായിരുന്നു.

മല്ലപ്പള്ളി പ്രസംഗത്തിലെ പരാമര്‍ശത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാന്‍ പിന്നീട് വീണ്ടും മന്ത്രിസഭയിലേക്ക് തിരികെ പ്രവേശിച്ചിരുന്നു. ജൂലൈ മൂന്നിന് മല്ലപ്പള്ളിയില്‍ നടത്തിയ വിവാദ പ്രസംഗത്തിന് ശേഷമായിരുന്നു സജി ചെറിയാന്റെ രാജി. ആദ്യം വിഷയത്തില്‍ പൊലീസ് കേസെടുത്തിരുന്നില്ല. പിന്നീട് ലഭിച്ച ഹര്‍ജിയുടെ അടിസ്ഥാനത്തില്‍ സജി ചെറിയാനെതിരെ കേസെടുക്കണമെന്ന് മജിസ്ട്രേറ്റ് കോടതി ഉത്തരവിടുകയായിരുന്നു. ഇതേത്തുടര്‍ന്ന് നടന്ന അന്വേഷണത്തിലാണ് കേസ് അവസാനിപ്പിക്കാന്‍ പൊലീസ് അപേക്ഷ നല്‍കിയത്. സജി ചെറിയാന്‍ കുറ്റവിമുക്തനാണെന്ന് ബോധ്യമായതിനാലാണ് അദ്ദേഹത്തെ മന്ത്രിസഭയിലേക്ക് തിരികെ കൊണ്ടുവരുന്നതെന്നായിരുന്നു സിപിഐഎമ്മിന്റെ നിലപാട്.

Leave a Reply

Your email address will not be published. Required fields are marked *