Wednesday, April 16, 2025
Kerala

തിരുവനന്തപുരത്ത് നിന്ന് ആശ്വാസ വാർത്ത; നിപ രോഗബാധ സംശയിച്ച മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്

നിപ രോഗബാധ സംശയിച്ച തിരുവനന്തപുരത്ത് നിരീക്ഷണത്തിലായിരുന്ന മെഡിക്കൽ വിദ്യാർത്ഥിയുടെ ഫലം നെഗറ്റീവ്. തോന്നയ്ക്കൽ വൈറോളജി ഇൻസ്റ്റിറ്റ്യട്ടിൽ നടത്തിയ പരിശോധനയിലാണ് ഫലം നെഗറ്റീവായത്. തിരുവനന്തപുരത്ത് നിപ വൈറസ് ലക്ഷണങ്ങൾ പ്രകടിപ്പിച്ച ഒരാള്‍ കൂടി നിരീക്ഷണത്തിലുണ്ട്. കാട്ടാക്കട സ്വദേശിനിയും പരിശോധന ഫലം ഇന്ന് ലഭിച്ചേക്കും.

സംസ്ഥാനത്ത് ഇതുവരെ 181 സാമ്പിളുകളാണ് പരിശോധിച്ചത്. ഇന്നലെ പുതിയ പോസിറ്റീവ് കേസുകളില്ലാത്തത് ആശ്വാസമാണ്. രോഗ ലക്ഷണങ്ങളോടെ അഞ്ച് പേരെ കൂടി മെഡിക്കൽ കോളജിൽ ഐസോലേഷനിലാക്കി. ഇതിൽ ഒരാള്‍ ആരോഗ്യപ്രവർത്തകയാണ്. സമ്പർക്കപ്പട്ടിയിലുള്ളവരുടെ എണ്ണം 1192 ആയി. പോസിറ്റീവായ് ചികിത്സയിലുള്ള നാല് പേരുടെയും നിലയിൽ പുരോഗതിയുണ്ട്. രണ്ട് പേര്‍ക്ക് ഇപ്പോള്‍ രോഗലക്ഷണങ്ങളില്ലെന്നും മന്ത്രി പറഞ്ഞു.

അതേസമയം കോഴിക്കോട് നഗരത്തിലുള്‍പ്പെടെ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കോഴിക്കോട് കോര്‍പ്പറേഷനിലെ 7 വാര്‍ഡുകളും, ഫറോക്ക് നഗരസഭയിലെ മുഴുവന്‍ വാര്ഡ‍ുകളും കണ്ടൈന്‍മെന്‍റ് സോണായി പ്രഖ്യാപിച്ചു. കണ്ടൈന്‍മെന്‍റ് സോണിലുള്‍പ്പെട്ടതിനാല്‍ ബേപ്പൂര്‍ ഫിഷിംഗ് ഹാര്‍ബര്‍ അടച്ചു. ജില്ലയിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും അടുത്ത ശനിയാഴ്ച വരെ ഓണ്‍ലൈന്‍ ക്ലാസുകള്‍ മാത്രമേ പാടുള്ളൂവെന്ന് ജില്ലാ കളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. എന്നാല്‍, പൊതുപരീക്ഷകള്‍ക്ക് മാറ്റമുണ്ടാകില്ല.

Leave a Reply

Your email address will not be published. Required fields are marked *