പ്ലസ് വണ്‍ പരീക്ഷ: സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്
സംസ്ഥാനത്ത് പ്ലസ് വണ്‍ പരീക്ഷ നടത്തണമോ എന്ന കാര്യത്തില്‍ സുപ്രീംകോടതിയുടെ നിര്‍ണായക തീരുമാനം ഇന്ന്. ജസ്റ്റിസ് എ.എം ഖാല്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ചാണ് ഹരജിയില്‍ വാദം കേള്‍ക്കുക. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ ആവശ്യം കോടതി പരിഗണിച്ചേക്കും.
സംസ്ഥാനത്തെ കോവിഡ് സാഹചര്യം പരിഗണിച്ചാണ് പ്ലസ് വണ്‍ എഴുത്ത് പരീക്ഷ നടത്തുന്നത് ഒരാഴ്ചത്തേക്ക് സുപ്രീം കോടതി സ്റ്റേ ചെയ്തത്. പരീക്ഷ റദ്ദാക്കണമെന്ന പൊതുതാല്‍പര്യ ഹരജിയില്‍ സംസ്ഥാന സര്‍ക്കാറിനെ കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. എന്ത് ശാസ്ത്രീയതയുടെ അടിസ്ഥാനത്തിലാണ് പരീക്ഷ നടത്താന്‍ സര്‍ക്കാര്‍ തയാറായതെന്നായിരുന്നു ജസ്റ്റിസ് എ.എം ഖാല്‍വിക്കര്‍ അധ്യക്ഷനായ ബെഞ്ചിന്റെ ചോദ്യം. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ അനുവദിക്കണമെന്നും ഓണ്‍ലൈനായി പരീക്ഷ നടത്തിയാല്‍ ഇന്റര്‍നെറ്റും കംപ്യൂട്ടറും ഇല്ലാത്ത കുട്ടികള്‍ പരീക്ഷയില്‍ നിന്ന് പുറത്താക്കപ്പെടുമെന്നും സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.
വീടുകളിലിരുന്ന് കുട്ടികള്‍ എഴുതിയ മോഡല്‍ പരീക്ഷ മാനദണ്ഡമായി കണക്കാക്കാനാവില്ലെന്നും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞ സാഹചര്യത്തില്‍ പ്രോട്ടോക്കോള്‍ പാലിച്ച് പരീക്ഷ നടത്താന്‍ കോടതി അനുമതി നല്‍കാനാണ് സാധ്യത. സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറക്കുന്ന കാര്യത്തിലും കോടതി വിധി നിര്‍ണായകമാകും.