കോട്ടയം കൊലപാതകം: ജോമോൻ കൃത്യം നടത്തിയത് ഗുണ്ടാസംഘങ്ങൾക്കിടയിൽ സ്വാധീനത്തിനായി
കോട്ടയത്ത് 19കാരനെ തല്ലിക്കൊന്ന ശേഷം മൃതദേഹം പോലീസ് സ്‌റ്റേഷന് മുന്നിലിട്ട സംഭവത്തിന് പിന്നിൽ ഗുണ്ടാസംഘങ്ങൾ തമ്മിലുള്ള പകയെന്ന് പോലീസ്. പ്രതിയായ ജോമോനെ നേരത്തെ കാപ്പ ചുമത്തി ജില്ലയിൽ നിന്ന് നാടുകടത്തിയിരുന്നു. അടുത്തിടെ അപ്പീൽ നൽകി ഇയാൾ തിരിച്ചെത്തി
തിരിച്ചെത്തിയപ്പോൾ ഗുണ്ടാസംഘങ്ങൾക്കിടയിൽ തന്റെ സ്വാധീനം നഷ്ടമായതായി ഇയാൾ മനസ്സിലാക്കി. ഇത് തിരികെ പിടിക്കുന്നതിനായാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറയുന്നു. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് 19കാരനായ ഷാൻ ബാബുവിനെ ജോമോനും സംഘവും തട്ടിക്കൊണ്ടുപോകുന്നത്. തുടർന്ന് മർദിച്ച് കൊലപ്പെടുത്തുകയായിരുന്നു
പുലർച്ചെ മൂന്നരയോടെയാണ് ഇയാൾ ഷാൻ ബാബുവിന്റെ മൃതദേഹവുമായി പോലീസ് സ്‌റ്റേഷനിലെത്തിയത്. താൻ ഒരാളെ വകവരുത്തിയെന്ന് ഇയാൾ ആക്രോശിക്കുകയും ചെയ്തു. അതേസമയം കൊല്ലണമെന്ന ഉദ്ദേശ്യത്തോടെയല്ല മർദിച്ചതെന്നാണ് പ്രതി പറയുന്നതെന്ന് കോട്ടയം എസ് പി ഡി ശിൽപ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തുവരികയാണ്.