കേരളം വ്യവസായ സൗഹൃദമാകുന്നതിനെ ദ്രോഹ മനസ്ഥിതിയുള്ള ചിലർ എതിർക്കുന്നു: മുഖ്യമന്ത്രി
കേരളത്തെ വ്യവസായ സൗഹൃദമാക്കുന്നതിനെ ദ്രോഹ മനഃസ്ഥിതിയുള്ള ചിലർ എതിർക്കുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് ലുലു മാളിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സർക്കാരിന്റെ പ്രവർത്തനങ്ങൾക്ക് പ്രയാസം സൃഷ്ടിക്കലാണ് ഇത്തരക്കാരുടെ പരിപാടി. നാടിന് തന്നെ ഇവർ ശല്യമാണ്
ഇത്തരക്കാരെ ജനം തിരിച്ചറിയണം. വ്യവസായങ്ങൾക്ക് തടസ്സം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. സംസ്ഥാനത്ത് വ്യവസായങ്ങൾക്ക് അപേക്ഷ നൽകിയാൽ ഏഴ് ദിവസത്തിനകം അനുമതി ലഭിക്കും. മൈക്രോ ചെറുകിട ഇടത്തരം സംരംഭകർക്ക് ലൈസൻസില്ലാതെ മൂന്ന് വർഷം വരെ പ്രവർത്തിക്കാം.
പരിശോധനകളാണ് വ്യവസായികൾക്കും സംരംഭകർക്കും പ്രയാസമുണ്ടാക്കുന്നത്. സംസ്ഥാനത്ത് 3200 കോടിയുടെ നിക്ഷേപ വാഗ്ദാനം അടുത്തിടെ ലഭിച്ചു. പശ്ചാത്തല സൗകര്യം വികസിപ്പിക്കേണ്ടതുണ്ട്. കേരളത്തിന്റെ അനൗദ്യോഗിക അംബാസിഡറാണ് എം എ യൂസഫലിയെന്നും മുഖ്യമന്ത്രി പറഞ്ഞു.