Wednesday, April 16, 2025
Kerala

‘കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുകയായിരുന്നു’; വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു, പരാമര്‍ശം പിന്‍വലിച്ചെന്ന് സുധാകരന്‍

തിരുവനന്തപുരം:തെക്കന്‍ കേരളത്തിനെതിരെ നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിക്കുന്നെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍.ആര്‍ക്കെങ്കിലും പ്രയാസം തോന്നിയിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുന്നു. വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നെന്നും സുധാകരന്‍ പറഞ്ഞു. ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ ആയിരുന്നു കെ സുധാകരന്റെ വിവാദ പരാമര്‍ശം.

നാട്ടില്‍ കുട്ടിക്കാലത്ത് കേട്ട കഥ ആവര്‍ത്തിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എഐസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂരിന് എതിരെ ‘ട്രെയിനി’ പരാമര്‍ശം നടത്തിയിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു. തരൂരിന് പരിചയക്കുറവ് ഉണ്ടെന്നാണ് പറഞ്ഞത്. മുസ്ലിം ലീഗ് മുന്നണി വിട്ടുപോയാല്‍ കുഴപ്പമില്ലെന്ന് പറഞ്ഞിട്ടില്ലെന്നും സുധാകരന്‍ പറഞ്ഞു.

തെക്കന്‍ കേരളത്തിലെയും മലബാറിലെയും നേതാക്കള്‍ തമ്മിലുള്ള വ്യത്യാസമെന്ത് എന്ന ചോദ്യത്തിന് മറുപടിയായാണ് സുധാകരന്‍ വിവാദ പരാമര്‍ശം നടത്തിയത്.’ചരിത്രപരമായി തന്നെയുണ്ട്. ഞാന്‍ ഒരു കഥ പറയട്ടെ. സീതയെ വീണ്ടെടുക്കാന്‍ രാമന്‍ ലങ്കയില്‍ പോയല്ലോ. സൈന്യവുമായി പോയി യുദ്ധം ചെയ്ത് രാവണനെ വധിച്ചിട്ടാണ് ലങ്കയില്‍ തടവുകാരിയായിരുന്ന സീതയെ കൂട്ടി പുഷ്പക വിമാനത്തില്‍ തിരിച്ചുവരുന്നത്. തെക്കുഭാഗത്ത് കടലിന്റെ തീരത്ത് കയറുന്ന സമയത്ത് ലക്ഷ്മണന്റെ മനസില്‍ ഒരു ചിന്ത. ചേട്ടനെ തട്ടി താഴെയിട്ടിട്ട് ചേച്ചിയെ സ്വന്തമാക്കിയാലോ എന്ന്. ഇതിന്റെ പ്രത്യാഘാതങ്ങളെ കുറിച്ച്‌ ചിന്തിച്ച്‌ ചിന്തിച്ച്‌ കഴിയുമ്പോഴെക്ക് തൃശൂരില്‍ എത്തിപ്പോയി. ഞാന്‍ എന്തുമോശമാണ് ചിന്തിച്ചത്?. എന്റെ ചേട്ടനെയും ചേച്ചിയെയും കുറിച്ച്‌ ചിന്തിച്ചത് മോശമായിപ്പോയല്ലോ. ഈസമയത്ത് ലക്ഷ്മണനെ നോക്കി രാമന്‍ പറഞ്ഞു. അനിയാ, മനസില്‍ പോയതെല്ലാം ഞാന്‍ വായിച്ചു. അത് നിന്റെ കുഴപ്പമല്ല, കടന്നുവന്ന മണ്ണിന്റെ കുഴപ്പമാണ്.’- സുധാകരന്റെ വാക്കുകള്‍.

Leave a Reply

Your email address will not be published. Required fields are marked *