Monday, January 6, 2025
Kerala

നബീല്‍ ബുക്ക് ചെയ്തത് 1400 രൂപയുടെ പവര്‍ബാങ്ക്, കിട്ടിയത് റെഡ്മി 8 സ്മാര്‍ട്ട് ഫോണ്‍; അറിയിച്ചപ്പോള്‍ സ്വാതന്ത്രദിന സമ്മാനമായി വെച്ചോളാന്‍ ആമസോണ്‍

മലപ്പുറം: ഓണ്‍ലൈനില്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്​തവര്‍ക്ക്​ കരിങ്കല്ലും ഇഷ്​ടികയുമൊക്കെ പാര്‍സല്‍ ലഭിച്ച സംഭവങ്ങള്‍ നിരവധിയുണ്ട്​. എന്നാല്‍, 1,400രൂപയുടെ പവര്‍ ബാങ്ക്​ ഓര്‍ഡര്‍ ചെയ്​തപ്പോള്‍ 8,000 രൂപ വിലമതിക്കുന്ന ഫോണ്‍ ലഭിച്ച കാര്യമാണ്​ മലപ്പുറം കോട്ടക്കല്‍ എടരിക്കോട്​ സ്വദേശി നബീല്‍ നാഷിദിന്​ പറയാനുള്ളത്​.അബദ്ധം കയ്യോടെ തന്നെ ഓണ്‍ലൈന്‍ വില്‍പനക്കാരായ ആമസോണിനെ അറിയിച്ചപ്പോള്‍ സത്യസന്ധതയെ അവര്‍ അഭിനന്ദിച്ചു.ഒപ്പം, ആ ഫോണ്‍ താങ്കള്‍ തന്നെ ഉപയോഗി​​ച്ചോളു എന്ന ട്വീറ്റും മറുപടിയായി നല്‍കി.

ആഗസ്​ത്​ 10 നാണ്​ ഷവോമിയുടെ 1,400രൂപ വിലയുള്ള 20,000 എം.എ.എച്ച്‌​ പവര്‍ ബാങ്കിന്​ നബീല്‍ ബുക്ക്​ ചെയ്​തത്​. ആഗസ്​ത്​ 15ന്​ പാഴ്​സലായി സാധനം എത്തി. പെട്ടി പൊളിച്ചപ്പോള്‍ നബീല്‍ ഞെട്ടി. ഷവോമിയുടെ തന്നെ 8,000 രൂപ വിലമതിക്കുന്ന റെഡ്​ മി എട്ട്​ എ ഡ്യുവല്‍ എന്ന ഫോണായിരുന്നു അത്​. സ്വാതന്ത്ര്യ ദിനത്തില്‍ ലഭിച്ച അപ്രതീക്ഷിത ‘സമ്മാന’ത്തിൻ്റെ ഫോ​ട്ടോ എടുത്ത്​ ഉടന്‍ തന്നെ ട്വിറ്ററില്‍ പോസ്​റ്റ്​ ചെയ്​തു. ട്വീറ്റില്‍ ആമസോണിനെ ടാഗ്​ ​ചെയ്യുകയും ചെയ്​തു.

തെറ്റ്​ പറ്റിയതില്‍ ക്ഷമാപണം നടത്തിയ ആമസോണ്‍, പാര്‍സല്‍ തിരിച്ചു നല്‍കാനുള്ള റി​ട്ടേണ്‍ പോളിസി ലിങ്ക്​ ട്വീറ്റ്​ ചെയ്​തു. ഫോണ്‍​ താങ്കള്‍ക്ക്​ തന്നെ ഉപയോഗിക്കുകയോ മറ്റാര്‍ക്കെങ്കിലും സംഭാവനചെയ്യുകയോ ചെയ്യാമെന്ന ട്വീറ്റും പിന്നാലെ​യെത്തി.