Saturday, October 19, 2024
Kerala

മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളില്‍; പ്രതികള്‍ക്കെതിരെ പ്രതിഷേധമുയര്‍ത്തി നാട്ടുകാര്‍

നാടിനെ നടുക്കിയ ഇരട്ട നരബലി കേസിലെ മൂന്ന് പ്രതികളേയും ഇലന്തൂരിലെത്തിച്ചത് മൂന്ന് വാഹനങ്ങളില്‍. ചോദ്യം ചെയ്യലില്‍ മൂന്ന് പ്രതികളുടേയും മൊഴികള്‍ തമ്മില്‍ വൈരുധ്യം നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് മൂന്നുപേരെയും പ്രത്യേകം വാഹനങ്ങളില്‍ പ്രദേശത്ത് തെളിവെടുപ്പിനായി കൊണ്ടുവന്നത്. ഞെട്ടിക്കുന്ന ക്രൂരതകള്‍ പുറത്തറിഞ്ഞ ശേഷം പ്രതികള്‍ ഇലന്തൂരിലെത്തിയപ്പോള്‍ നാട്ടുകാരും യുവജനസംഘടനകളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്.

ഒരു സമയത്ത് ഭഗവല്‍ സിംഗിനെ മാത്രം വാഹനത്തില്‍ നിന്ന് പുറത്തിറക്കി. മുഖം പൂര്‍ണമായും മൂടിയാണ് ഭഗവല്‍ സിംഗിനെ പുറത്തിറക്കിയത്. രണ്ട് മൂന്ന് സ്ഥലങ്ങളിലേക്ക് ഭഗവല്‍ സിംഗിനെ കൊണ്ടുപോയതിന് ശേഷം വാഹനത്തിലേക്ക് തിരികെ വിട്ടു. തെളിവെടുപ്പിനായി പൊലീസും പ്രതികളും പൊലീസ് നായകളുമെത്തിയപ്പോള്‍ ഭഗവല്‍ സിംഗിന്റെ വീടിന് സമീപം വലിയ കൂട്ടം ജനങ്ങളാണ് തടിച്ചുകൂടിയത്. അതീവ സുരക്ഷയിലാണ് പൊലീസിന്റെ പരിശോധന പുരോഗമിക്കുന്നത്.

Read Also: ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കൂടുതല്‍ മൃതദേഹങ്ങളുണ്ടോ? ; കുഴികളെടുത്ത് പരിശോധന; പൊലീസ് നായകളെ എത്തിച്ചു

കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ മണ്ണ് കുഴിച്ച് പരിശോധന നടത്തിവരികയാണ്. പൊലീസ് നായയേയും എത്തിച്ചിട്ടുണ്ട്. പൊലീസ് നായ ചെന്നതിനെത്തുടര്‍ന്ന് സംശയം തോന്നിയ ആദ്യ സ്ഥലത്ത് പൊലീസ് കുഴിച്ച് പരിശോധിച്ചെങ്കിലും സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല. ഈ കുഴി പന്നി കുത്തിയതാണെന്ന് പൊലീസ് ഉറപ്പിച്ചു.

തിരുമ്മല്‍ കേന്ദ്രത്തിന് പിന്നിലുള്ള സ്ഥലത്തും പരിശോധന നടന്നുവരികയാണ്. വീടിന്റെ തെക്കുവശത്തായി ചെമ്പകവും തുളസിയും നടന്ന സ്ഥലങ്ങളിലും പൊലീസ് പരിശോധന നടക്കുന്നുണ്ട്. അല്‍പം മണ്ണ് മാറ്റി പൊലീസ് നായയെ കൊണ്ട് മണപ്പിച്ചാണ് പരിശോധന പുരോഗമിക്കുന്നത്.

പൊലീസ് നായ സംശയം പ്രകടിപ്പിക്കുന്ന സ്ഥലങ്ങള്‍ പൊലീസ് അടയാളപ്പെടുത്തുന്നുണ്ട്. സംശയം തോന്നുന്നയിടത്ത് ആഴത്തില്‍ കുഴിയെടുത്തുള്ള പരിശോധനയും നടക്കും. റോസ്ലിയുടേയും പത്മയുടേയും മൃതദേഹങ്ങള്‍ നാല് അടിയോളം ആഴത്തിലാണ് കുഴിച്ചിട്ടിരുന്നത്. പത്മയുടെ മൃതദേഹം കണ്ടെത്തിയതിന് അടുത്തും പൊലീസ് അടയാളമിട്ടിട്ടുണ്ട്

Leave a Reply

Your email address will not be published.