കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ല; നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് വേണ്ടെന്ന് തോമസ് ഐസക്
കേന്ദ്രത്തിന്റെ ഇണ്ടാസ് കേരളത്തിൽ നടപ്പാവില്ലെന്നും നിയമ നിർമ്മാണത്തിലൂടെയല്ലാതെ സംസ്ഥാന സർക്കാർ സ്ഥാപിച്ചിരിക്കുന്ന ആസൂത്രണ ബോർഡിനെ എക്സിക്യുട്ടീവ് ഉത്തരവിലൂടെ ഇല്ലാതാക്കാനാവില്ലെന്നും മുൻമന്ത്രി തോമസ് ഐസക്. സംസ്ഥാന ആസൂത്രണ ബോർഡുകൾക്കു പകരം നീതി ആയോഗിന്റെ കുട്ടിപ്പതിപ്പ് സംസ്ഥാനങ്ങളിൽ സ്ഥാപിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം സംസ്ഥാന അധികാരങ്ങളുടെ മേലുള്ള കൈയ്യേറ്റമാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
2015-ൽ കേന്ദ്ര സർക്കാർ ആസൂത്രണ കമ്മീഷൻ അവസാനിപ്പിച്ച് നീതി ആയോഗ് എന്ന ഉന്നത കൂടിയാലോചനാ സമിതിക്കു (think tank) രൂപം നൽകി. അതോടെ പഞ്ചവത്സര പദ്ധതികൾക്കു വിരാമമായി. കേരളത്തിലെ ആസൂത്രണ ബോർഡിന്റെ പ്രവർത്തനം കേന്ദ്ര സഹായത്തെ അടിസ്ഥാനമാക്കിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി.