വിവാദ പരാമർശം: പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി
നർകോട്ടിക് ജിഹാദ് പ്രസ്താവനയിൽ പാലാ ബിഷപിനെതിരെ കേസ് എടുക്കാൻ ആലോചനയില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നമ്മുടെ സമൂഹത്തിന്റെ പ്രത്യേകത നിലനിർത്താനുള്ള ശ്രമമാണ് എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകേണ്ടത്. എല്ലാ പ്രശ്‌നങ്ങളും ചർച്ച ചെയ്ത് പരിഹരിക്കാനുള്ള ശ്രമമാണ് വേണ്ടത്. നാടിന്റെ മതനിരപേക്ഷതയും അതിന്റെ ഭാഗമായുള്ള പ്രത്യേകതയുംനിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ, ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് വിരുദ്ധമായ രീതിയിൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകാൻ പാടില്ല
സമൂഹത്തിൽ നല്ല യോജിപ്പുണ്ടാക്കുക എന്നതാണ് പ്രധാനം. മാഫിയയെ മാഫിയയായി കാണണം. അതിന് മതചിഹ്നം നൽകേണ്ട കാര്യമായി. ഇതുമായി ബന്ധപ്പെട്ട് ആദരണീയനായ പാലാ ബിഷപിന് വേണ്ടിയുള്ള വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ മതസ്പർധയുണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. തങ്ങളുടെ വിഭാഗത്തിന് ആവശ്യമായ മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്ന് വ്യക്തമാക്കുകയും ചെയ്തിട്ടുണ്ട്.
ആഭിചാര പ്രവൃത്തിയിലൂടെ വശീകരിക്കാനാകുമെന്നൊക്കെ പറയുന്നത് പഴയ നാടുവാഴി കാലത്തുള്ള സംസ്‌കാരത്തിന്റെ ഭാഗമാണ്. ആളുകളെ തെറ്റിദ്ധരിപ്പിക്കാനുള്ള നീക്കങ്ങൾ അന്നുണ്ടായിരുന്നു. അതൊന്നും ഈ ശാസ്ത്രയുഗത്തിൽ ചെലവാകില്ല. ഇങ്ങനെയൊരു പൊതുസാഹചര്യം നിലനിൽക്കുമ്പോൾ ഇതിനെ തെറ്റായ നിലയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചില ശക്തികളുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.