നഗ്നതാപ്രദർശനം, കോടാലിയും വാക്കത്തിയും ആയുധം, നാട്ടുകാരുടെ പേടിസ്വപ്നം; വെൺമാന്ത്ര ബാബു ക്രൂരനെന്ന് നാട്ടുകാർ
ഇടുക്കി: കട്ടപ്പനയിൽ യുവാവിനെ കോടാലി ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി വെൺമാന്ത്ര ബാബു (58) കൊടും ക്രൂരത ചെയ്യാൻ മടിയില്ലാത്തയാളെന്ന് നാട്ടുകാർ. കഞ്ചാവും മദ്യവും ഉപയോഗിച്ച ശേഷം സ്ത്രീകളോട് മോശമായി പെരുമാറുന്നതാണ് ഇയാളുടെ രീതി. ലഹരി ഉപയോഗിച്ചാൽ മനോനില തെറ്റുന്ന ഇയാളെ നാട്ടുകാർക്ക് ഭയമാണ്. ഏതാനും നാളുകൾക്ക് മുൻപ് അയൽവാസിയെ ഇയാൾ വെട്ടി പരിക്കേൽപ്പിച്ചിരുന്നു. കഞ്ചാവ് വിൽക്കുന്നതിനിടെ പിടികൂടാനെത്തിയ എക്സൈസ് ഉദ്യോഗസ്ഥനെയും ബാബു ആക്രമിച്ചു പരിക്കേൽപ്പിച്ചിട്ടുണ്ട്. ആരെങ്കിലും ചോദ്യം ചെയ്യാൻ എത്തിയാൽ അവരെയും ഉപദ്രവിക്കും. പ്രതിയുടെ ശല്യം കാരണം കഴിഞ്ഞ മാർച്ചിൽ അയൽവാസിയായ വയോധിക പൊലീസിൽ പരാതി നൽകിയിരുന്നു.
നഗ്നതാപ്രദർശനം നടത്തുന്നുവെന്നും മോശമായി സംസാരിക്കുന്നുവെന്നുമായിരുന്നു പരാതി. ഇവരുടെ വളർത്ത് നായയെ ബാബു ഉപദ്രവിച്ചിട്ടുണ്ട്. മിക്ക സമയങ്ങളിലും റോഡരികിലെ പാറപ്പുറത്തിരിക്കും. ബാബുവിനെ സ്കൂൾ കുട്ടികൾക്ക് വരെ പേടിയാണെന്ന് നാട്ടുകാർ പറയുന്നു. കുറച്ചു നാളുകൾക്ക് മുൻപ് റോഡിലൂടെ നടന്നു പോകുകയായിരുന്നയാൾക്ക് നേരെ വലിയ കല്ല് എടുത്തെറിഞ്ഞിരുന്നു. അത്ഭുതകരമായാണ് അന്ന് അയാൾ രക്ഷപ്പെട്ടത്. മൂർച്ചയേറിയ കോടാലിയും വാക്കത്തിയുമാണ് ആയുധം. ഇതുപയോഗിച്ചാണ് ഇന്നലെ ആക്രമണം നടത്തിയത്.
അപ്രതീക്ഷിതമായിട്ടാണ് ഭാര്യയെ കാണാൻ എത്തിയ കക്കാട്ടുകട കളപ്പുരക്കൽ സുബിനെ ബാബു ആക്രമിച്ചത്. വഴിയരികിൽ സുബിനും ഭാര്യാ പിതാവും കാർ നന്നാക്കുന്നതിനിടെ ബാബു അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതാണ് യുവാവിന്റെ അരുംകൊലയ്ക്ക് കാരണമായത്. ആക്രമണത്തിന് ശേഷം വീടിനുള്ളിൽ കയറി ഒളിച്ച പ്രതിയെ കീഴ്പ്പെടുത്തുന്നതിനിടെ കട്ടപ്പന എസ്ഐ ഉദയകുമാറിനെയും ഇയാൾ കോടാലി കൊണ്ട് ആക്രമിച്ചു. സുബിന്റെ ഭാര്യാപിതാവ് നൽകിയ സ്ഥലത്ത് പള്ളി നിർമ്മിച്ചു നൽകിയ വീട്ടിലാണ് കൊലപാതകിയും മാതാവും താമസിക്കുന്നത്.