‘എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20ന്; ജൂൺ ഒന്നിന് വിദ്യാലയങ്ങൾ തുറക്കും’; വിദ്യാഭ്യാസ മന്ത്രി
കേരളസത്തിൽ എസ്എസ്എൽസി – ഹയർസെക്കൻഡറി പരീക്ഷ ഫലം ഈ മാസം തന്നെ പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. എസ്എസ്എൽസി പരീക്ഷ ഫലം മെയ് 20നും ഹയർസെക്കൻഡറി പരീക്ഷ ഫലം മെയ് 25നും പ്രഖ്യാപിക്കുമെന്ന് മന്ത്രി അറിയിച്ചു. ജൂൺ 1ന് തന്നെ വിദ്യാലയങ്ങൾ തുറക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ അധ്യയന വർഷത്തിൽ 47 ലക്ഷം വിദ്യാർത്ഥികളെ പ്രതീക്ഷിക്കുന്നു. മെയ് 27 ന് മുൻപ് സ്കൂൾ തുറക്കുന്നതുമായി ഉള്ള മുന്നൊരുക്കങ്ങൾ പൂർത്തിയാക്കണം എന്ന് നിർദേശം നൽകിയതായി മന്ത്രി കൂട്ടിച്ചേർത്തു.
ഈ വർഷത്തെ പ്രവേശനോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം മലയൻകീഴ് ബോയ്സ് സ്കൂളിൽ നടക്കും. പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കും. വിദ്യാർത്ഥികൾക്കായി സ്കൂളുകൾ വിപുലമായി ഒരുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഈ വർഷം സ്കൂൾ അന്തരീക്ഷം ഭിന്ന ശേഷി സൗഹൃദമാകും.
സ്കൂളുകളിലെ അറ്റകുറ്റ പണികൾ നേരത്തെ പൂർത്തിയാക്കാൻ അറിയിച്ചിട്ടുണ്ട്. ഗ്രീൻ ക്യാമ്പസ് ക്ലീൻ കാമ്പസ് എന്ന ആശയത്തിലൂന്നിയാകും മുന്നോട്ടു പോകുക. ലഹരി വിരുദ്ധ ക്യാമ്പയിൻ സ്കൂളുകളിൽ ശക്തമാക്കും. കൂടാതെ, സ്കൂൾ ക്യാംപസ് മറ്റു ആവശ്യങ്ങൾക്ക് നൽകരുതെന്ന് അറിയിച്ചതായും മന്ത്രി വ്യക്തമാക്കി.