Tuesday, January 7, 2025
Kerala

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ച; ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇന്ന് പുറപ്പെടുവിച്ചേക്കും

ഇടുക്കി ഡാമിലെ സുരക്ഷ വീഴ്ചയിൽ ലുക്ക്‌ ഔട്ട്‌ നോട്ടിസ് ഇന്ന് പുറപ്പെടുവിച്ചേക്കും. റിപ്പോർട്ട്‌ ഇടുക്കി എസ്.പി ആഭ്യന്തര വകുപ്പിന് കൈമാറി. ഒറ്റപ്പാലം സ്വദേശിയാണ് ഡാമിൽ കടന്ന് താഴിട്ട് പൂട്ടിയത്. വിദേശത്തേക്ക് കടന്ന ഇയാൾ തിരികെ എത്താത്ത സാഹചര്യത്തിലാണ് നടപടി.

സംഭവത്തിൽ കൂടുതൽ അന്വേഷണം ആവശ്യപ്പെട്ട് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട്‌ നൽകി. കേന്ദ്ര, സംസ്ഥാന രഹസ്യന്വേഷണ വിഭാഗം അന്വേഷണം നടത്തണമെന്നാണ് റിപ്പോർട്ട്‌. തീവ്രവാദ ബന്ധം ഉൾപ്പെടെ സംശയിക്കുന്ന സാഹചര്യത്തിൽ ആണിത്.

ജൂലൈ 22നാണ് കേസിനാസ്പദമായ സംഭവം. ഡാം സന്ദര്‍ശിക്കാന്‍ എത്തിയ പാലക്കാട് സ്വദേശി അകത്ത് പ്രവേശിച്ച് ഹൈമാസ് ലൈറ്റുകളുടെ ചുവട്ടില്‍ താഴിട്ട് പൂട്ടി. 11 സ്ഥലത്താണ് ഇത്തരത്തില്‍ താഴുകള്‍ കണ്ടെത്തിയത്. സുരക്ഷാ വീഴ്ച സംഭവിക്കുന്നത് പകല്‍ മൂന്നുമണിക്ക് ശേഷമാണ്. ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തുന്ന റോപ്പില്‍ എന്തോ ദ്രാവകം ഒഴിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസമാണ് കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ താഴുകള്‍ പെട്ടത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് വിനോദ സഞ്ചാരിയായെത്തിയ യുവാവിന്റെ പ്രവര്‍ത്തികള്‍ മനസ്സിലായത്. തുടര്‍ന്ന് ഇടുക്കി പൊലീസില്‍ പരാതി നല്‍കി.

പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഒറ്റപ്പാലം സ്വദേശിയാണ് ഇയാളെന്ന് കണ്ടെത്തി. വാടകക്കെടുത്ത കാറിലാണ് ഇയാള്‍ ഇടുക്കിയിലെത്തിയത്. ഇതിനിടെ ഇയാള്‍ വിദേശത്തേക്ക് പോയി. പൊലീസിന്റെ കര്‍ശന പരിശോധന മറി കടന്ന് ഇയാള്‍ താഴുകളുമായി അകത്തു കടന്നത് സുരക്ഷ വീഴ്ചയാണ്. സംഭവം സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗങ്ങള്‍ അന്വേഷണം നടത്തുന്നുണ്ട്. പൊലീസിന്റെ വീഴ്ചയും പരിശോധിക്കുന്നുണ്ട്. എന്തു കൊണ്ടാണ് ഇയാള്‍ ഇത്തരത്തില്‍ ചെയ്തതെന്നും തീവ്രവാദ സംഘടനകളുമായി ബന്ധമുണ്ടോയെന്നുമാണ് പ്രധാനമായും അന്വേഷിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് അണക്കെട്ടില്‍ സുരക്ഷ വര്‍ധിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *