പേരക്കുട്ടികളുടെ ആഭരണം എടുക്കാനാണ് ലോക്കറിൽ പോയതെന്ന് ഇപി ജയരാജന്റെ ഭാര്യ
വിവാദങ്ങളിൽ മറുപടിയുമായി മന്ത്രി ഇ.പി. ജയരാജന്റെ ഭാര്യ പി.കെ. ഇന്ദിര. ബാങ്ക് ലോക്കറിൽ പോയത് പേരക്കുട്ടികളുടെ ആഭരണങ്ങൾ എടുക്കാനാണെന്ന് പി.കെ. ഇന്ദിര പറഞ്ഞു.
എവിടെയും ക്വാറന്റീൻ ലംഘിച്ചിട്ടില്ല. ക്വാറന്റീനുണ്ടായിരുന്നില്ല. കഴിഞ്ഞ ഞായറാഴ്ചയാണ് തിരുവനന്തപുരത്തുനിന്ന് വന്നത്. വീട്ടിലെ എല്ലാ ജോലികളും ചെയ്യുന്നത് ഞാനാണ്. ഞാൻ ക്വാറന്റീനിലാണെന്ന് ആരാണ് പറഞ്ഞത്. ആരെങ്കിലും ഇക്കാര്യം എന്നോട് വിളിച്ചു ചോദിച്ചോ.
എനിക്ക് രണ്ട് പേരക്കുട്ടികളാണുള്ളത്. കഴിഞ്ഞ വ്യാഴാഴ്ച ബാങ്കിൽ പോയിരുന്നു. പേരക്കുട്ടികളുടെ പിറന്നാളാണ് ഇരുപത്തിയഞ്ചിനും ഇരുപത്തിയേഴിനും അവർക്ക് കൊടുക്കാൻ അവരുടെ ആഭരണങ്ങൾ എടുക്കാനാണ് ബാങ്കിൽ പോയത്. അടുത്ത ദിവസം തിരുവനന്തപുരത്തേക്ക് പോകേണ്ടിവരുമായിരുന്നു. തിരിച്ചുവരുന്നത് ഇരുപത്തിയഞ്ചിനു ശേഷം മാത്രമായിരിക്കും. അതുകൊണ്ടാണ് വ്യാഴാഴ്ച പോയി സ്വർണം എടുത്തത് എന്നും പി.കെ. ഇന്ദിര മാധ്യമങ്ങളോട് പ്രതികരിച്ചു