ട്രെയിൻ ഓടിത്തുടങ്ങിയതും യാത്രക്കാരിയുടെ രണ്ടര പവൻ്റെ മാല പൊട്ടിച്ചോടി; സിസിടിവി കൃത്യമായി ഒപ്പി; അറസ്റ്റ്
പാലക്കാട്: ട്രെയിനിൽ നിന്ന് യാത്രക്കാരിയുടെ മാല പൊട്ടിച്ചോടിയ പ്രതി പിടിയിൽ. വണ്ടൂർ സ്വദേശി ഹരിപ്രസാദാണ് പിടിയിലായത്. ഷൊർണൂർ – നിലമ്പൂർ ട്രെയിനിലെ യാത്രക്കാരി പ്രസന്നയുടെ മാലയാണ് പൊട്ടിച്ചത്. രണ്ടര പവൻ്റെ മാല പ്രതി പൊട്ടിച്ചോടുകയായിരുന്നു. ഇന്നലെ വൈകീട്ട് ഷൊർണൂരിൽ നിന്ന് ട്രെയിൻ എടുത്തതും പ്രതി മാല പൊട്ടിച്ച് പ്ലാറ്റ്ഫോമിലൂടെ ഓടുകയായിരുന്നു.
ഷൊർണൂർ റെയിൽവെ പൊലീസ് രാവിലെയാണ് പ്രതിയെ പിടികൂടിയത്. റെയിൽവെ സറ്റേഷനിലെ സിസിടിവിയിൽ നിന്നാണ് പ്രതിയെ കുറിച്ച് സൂചന ലഭിച്ചത്. അതേസമയം, കണ്ണൂർ കൂത്തുപറമ്പിൽ സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് സ്വർണമാല കവർന്ന കേസിൽ ബന്ധുവായ സൈനികൻ അറസ്റ്റിലായിരുന്നു. പിണറായി വെണ്ടുട്ടായി സ്വദേശി അരുൺ കുമാറാണ് പിടിയിലായത്. വീട്ടമ്മയുടെ മുഖത്ത് മുളകുസ്പ്രേ അടിച്ച് വീഴ്ത്തിയാണ് മൂന്ന് പവൻ മാല കവർന്നത്.
ശനിയാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. പന്നിയോറയിലെ ജാനകിയുടെ മാലയാണ് കവർന്നത്. ജാനകിയുടെ മകനെ അന്വേഷിച്ച് വീട്ടിലെത്തിയ യുവാവ് മുഖത്ത് മുളകുസ്പ്രേ അടിച്ച് തള്ളിയിട്ട് മാലയുമായി കടന്നുകളയുകയായിരുന്നു. ജാനകി തനിച്ചായിരുന്നു വീട്ടിൽ താമസം. വെളള ഇരുചക്ര വാഹനത്തിൽ നീല മഴക്കോട്ട് ധരിച്ചാണ് മോഷ്ടാവ് എത്തിയത്. മൂന്ന് പവൻ മാലയുടെ ഒരു ഭാഗം സ്ഥലത്തുനിന്ന് കണ്ടെടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുളള അന്വേഷണമാണ് ജാനകിയുടെ ബന്ധുവായ സൈനികൻ അരുണിലേക്ക് എത്തിച്ചത്.
ജാനകിയുടെ മകനായ കേബിൾ ടിവി ഓപ്പറേറ്റർ ഷാജിയെ അന്വേഷിച്ച് ഉച്ചയ്ക്ക് ഒരാൾ വീട്ടിലെത്തി. വീട്ടിനുളളിൽ നിന്നാണ് ജാനകി ഇയാളോട് സംസാരിച്ചത്. ഷാജിയെ രണ്ട് ദിവസമായി ഫോണിൽ കിട്ടുന്നില്ലെന്ന് പറഞ്ഞ അജ്ഞാതൻ വീട്ടിനുളളിലേക്ക് കയറി ജനാകിയുടെ മുഖത്ത് മുളകുസ്പ്രേ അടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം ചോദ്യം ചെയ്തെങ്കിലും അരുൺ കുറ്റം നിഷേധിച്ചിരുന്നു. എന്നാൽ മാല മമ്പറത്ത് വിൽക്കാൻ ചെന്നതോടെ ഇയാള്‍ കുടുങ്ങുകയായിരുന്നു. കൂത്തുപറമ്പ് സിഐ ശ്രീഹരിയുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
തൊഴിലാളികളുമായി അതിർത്തി കടന്ന് എത്തുന്ന വാഹനങ്ങൾ സ്ഥിരം അപകടത്തിൽപ്പെടുന്നു; പിന്നാലെ കർശന പരിശോധന