കൊവിഡ് മൂന്നാം തരംഗത്തെ ചെറുക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി; വാക്‌സിനേഷൻ വർധിപ്പിക്കും
കൊവിഡിന്റെ മൂന്നാം തരംഗത്തെ മുന്നിൽകണ്ട് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കാനുള്ള നടപടികൾ ആരോഗ്യവകുപ്പ് തുടങ്ങി. ചികിത്സാ സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനൊപ്പം വാക്‌സിൻ നൽകി പരാമവധി ജനങ്ങളെ സുരക്ഷിതരാക്കാൻ ശ്രമിക്കണമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോർജ് പറഞ്ഞു
പ്രതിദിനം രണ്ട് മുതൽ രണ്ടര ലക്ഷം പേർക്ക് വാക്‌സിൻ നൽകുകയെന്നതാണ് ലക്ഷ്യം. അതിനാവശ്യമായ വാക്‌സിൻ ലഭ്യമാക്കേണ്ടതാണ്. സൗകര്യങ്ങളും ജീവനക്കാരെയും വർധിപ്പിക്കേണ്ടതുണ്ട്. രജിസ്‌ട്രേഷൻ ചെയ്യാനറിയാത്ത സാധാരണക്കാർക്കായി രജിസ്‌ട്രേഷൻ ഡ്രൈവ് ആരംഭിക്കും. ഞായറാഴ്ചകളിലും മറ്റ് അവധി ദിവസങ്ങളിലും വാക്‌സിൻ വിതരണം സുഗമമായി നടത്തണണെന്നും മന്ത്രി നിർദേശം നൽകി
ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിർദേശം. മൂന്നാം തരംഗമുണ്ടായാൽ നടപ്പിലാക്കേണ്ട ആക്ഷൻ പ്ലാൻ യോഗത്തിൽ ആവിഷ്‌കരിച്ചു. രണ്ടാം തരംഗത്തിന്റെ തീവ്രത കുറഞ്ഞ് വരികയാണ്. കിടക്കകളിൽ 47 ശതമാനത്തിൽ താഴെ മാത്രമാണ് രോഗികളുള്ളത്. പക്ഷേ മൂന്നാം തരംഗം മുന്നിൽ കണ്ട് സർക്കാർ, സ്വകാര്യ ആശുപത്രികളിൽ കൂടുതൽ കിടക്കകൾ സജ്ജമാക്കും. ഓക്‌സിജൻ കിടക്കകൾ, ഐസിയു, വെന്റിലേറ്റർ എന്നിവയുടെ എണ്ണം വർധിപ്പിക്കും.
ഓക്‌സിജൻ പ്രതിദിന ഉത്പാദനം 60 മെട്രിക് ടണ്ണായി ഉയർത്തും. അനുവദിച്ച ഓക്‌സിജൻ പ്ലാന്റുകൾ എത്രയും വേഗം പൂർത്തിയാക്കണം. മരുന്നുകൾ, ഉപകരണങ്ങൾ, പരിശോധനാ സാമഗ്രികൾ എന്നിവ നേരത്തെ സംഭരിക്കാൻ നിർദേശം നൽകി.