നോണ്‍ സ്റ്റിക്ക് കുക്ക് വെയറിന്റെ രൂപത്തില്‍ ഉള്‍പ്പെടെ സ്വര്‍ണക്കടത്ത്; കണ്ണൂരില്‍ വന്‍ സ്വര്‍ണവേട്ട
കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് 2 പേരില്‍ നിന്നായി 82 ലക്ഷം രൂപ വരുന്ന 1451 ഗ്രാം സ്വര്‍ണം പിടികൂടി. കാസര്‍കോട് ചൂരി സ്വദേശി അബ്ദുള്‍ ലത്തീഫ്, കാസര്‍ഗോഡ് ചട്ടഞ്ചാല്‍ സ്വദേശി സല്‍മാന്‍ ഫാരീസ് എന്നിവരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. ഡിആര്‍ഐയും കസ്റ്റംസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് സ്വര്‍ണം കണ്ടെത്തിയത്.
കഴിഞ്ഞ ഒരു മാസം മാത്രം ഏകദേശം ഏകദേശം 13 കോടി രൂപയുടെ സ്വര്‍ണമാണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടികൂടിയത്. രൂപമാറ്റം വരുത്തി സോക്‌സിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഇന്ന് ഒരാളില്‍ നിന്ന് സ്വര്‍ണം പിടിച്ചെടുത്തത്.
പേസ്റ്റ് രൂപത്തിലാക്കി നോണ്‍ സ്റ്റിക്ക് കുക്ക് വെയറുകളുടെ ഉപരിതലത്തില്‍ ഒട്ടിച്ചുവച്ച് അതിന് മീതെ കറുത്ത പെയിന്റടിച്ചാണ് മറ്റൊരാള്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നി കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് രണ്ട് പേരും കുടുങ്ങിയത്.