ഒമിക്രോൺ; വാക്സിനേഷൻ നിരക്ക് കുറഞ്ഞ ജില്ലകളിൽ പ്രത്യേക ശ്രദ്ധ: മുഖ്യമന്ത്രി
തിരുവനന്തപുരം: വാക്സിനേഷൻ നിരക്ക് കുറഞ്ഞ പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ അത് വർധിപ്പിക്കാൻ പ്രത്യേക ശ്രദ്ധ പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കൊവിഡ് അവലോകനയോഗത്തിൽ ജില്ലാ കലക്ടർമാർക്ക് നിർദ്ദേശം നൽകി. ഒമിക്രോൺ പശ്ചാത്തലത്തിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് കണ്ടെത്തണം. അവിടങ്ങളിൽ ജനിതക സീക്വൻസിംഗ് വർധിപ്പിക്കണം. എറണാകുളത്ത് ഒമിക്രോൺ സ്ഥിരീകരിച്ച രോഗിയുമായി ബന്ധപ്പെട്ട 36 പേരും ഐസൊലേഷനിലാണ്.
സംസ്ഥാനത്ത് 97 ശതമാനം പേർ ആദ്യ ഡോസ് വാക്സിനും 70 ശതമാനം പേർ രണ്ടാം ഡോസ് വാക്സിനും സ്വീകരിച്ചിട്ടുണ്ട്. 70 ലക്ഷം പേർക്ക് രണ്ടാം ഡോസ് നൽകാനുണ്ട്. അത് എത്രയും വേഗം പൂർത്തീകരിക്കാൻ മുഖ്യമന്ത്രി ആരോഗ്യ വകുപ്പിനോട് നിർദേശിച്ചു. നിർബന്ധമായും മാസ്ക് ധരിക്കണം. മൂന്ന് ലയർ മാസ്കോ എൻ 95 മാസ്കോ ധരിക്കാൻ ശ്രദ്ധിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട ആചാരപരമായ കലാരൂപങ്ങൾ അനുവദിക്കും. ഉത്സവങ്ങൾ, രാഷ്രീയ, സാംസ്‌കാരിക, സാമൂഹിക പരിപാടികളുൾപ്പെടെയുള്ള പൊതുചടങ്ങുകൾ എന്നിവയ്ക്ക് തുറന്നഇടങ്ങളിൽ പരമാവധി 300 പേരെയും മുറികൾ, ഹാളുകൾ പോലുള്ള അടഞ്ഞ ഇടങ്ങളിൽ പരമാവധി 150 പേരെയും അനുവദിക്കുന്നതാണ്. സ്കൂളുകൾ പൂർണതോതിൽ തുറക്കുന്ന കാര്യം ഇപ്പോൾ പരിഗണനയിലില്ല. കൊവിഡ് ധനസഹായം സമയബന്ധിതമായി പൂർത്തീകരിക്കാൻ ജില്ലാ കലക്ടർമാരോട് മുഖ്യമന്ത്രി നിർദേശിച്ചു.