ഇന്ന് പരക്കെ ശക്തമായ മഴ സാധ്യത; പതിനാല് ജില്ലകളിലും യെല്ലോ അലർട്ട്, മത്സ്യബന്ധനത്തിന് വിലക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണ്. ഒഡീഷ തീരത്തിന് മുകളിലായുള്ള ന്യൂനമർദ്ദവും അറബിക്കടലിലെ ന്യൂനമർദ്ദപാത്തിയുമാണ് കാലവർഷക്കാറ്റ് സജീവമാക്കി നിർത്തുന്നത്. കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് തെക്കൻ ജില്ലകളിലും മഴ ശക്തമാകും. ഉച്ചയ്ക്ക് ശേഷം കൂടുതൽ മഴ കിട്ടും. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. ശക്തമായ കാറ്റിനും ഉയർന്ന തിരമാലകൾക്കും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും അറിയിപ്പുണ്ട്.