Monday, January 6, 2025
Kerala

കോവിഡ് വ്യാപനം രൂക്ഷം: 28 പഞ്ചായത്തുകളില്‍ പരിശോധന ശക്തമാക്കും

 

തിരുവനന്തപുരം: കോവിഡ് തീവ്രവ്യാപന മേഖലകളില്‍ പരിശോധനയും പ്രതിരോധവും ശക്തമാക്കുമെന്ന് ജില്ലാ കളക്ടര്‍ നവ്‌ജ്യോത് ഖോസ. ജില്ലയില്‍ കോവിഡ് വ്യാപനം രൂക്ഷമായ 28 പഞ്ചായത്തുകളില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാനും പ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാനും കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. ജില്ലയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് മുകളില്‍ നില്‍ക്കുന്ന പഞ്ചായത്തുകള്‍ ഉള്‍പ്പെടുന്ന ആരോഗ്യ കേന്ദ്രങ്ങളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെ യോഗത്തിലാണ് കളക്ടര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കിയത്.

രോഗവ്യാപനം രൂക്ഷമായ പഞ്ചായത്തുകളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ ഒരു ദിവസം കുറഞ്ഞത് 100 പേരെയെങ്കിലും കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കണമെന്ന് കളക്ടര്‍ നിര്‍ദ്ദേശിച്ചു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന് പഞ്ചായത്തുകളുമായി കൈകോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. രണ്ടു ദിവസത്തിലൊരിക്കല്‍ പഞ്ചായത്ത് അധികൃതരെ ഉള്‍പ്പെടുത്തി യോഗം വിളിച്ചു ചേര്‍ക്കുകയും പ്രതിരോധ നടപടികള്‍ അവലോകനം ചെയ്യുകയും വേണമെന്ന് ചൂണ്ടിക്കാട്ടിയ ജില്ലാ കളക്ടര്‍ ജീവനക്കാരുടെ ലഭ്യത ഉറപ്പാക്കാന്‍ ജില്ലാ തലത്തില്‍ 15 ടീമുകള്‍ രൂപീകരിക്കുമെന്നും അറിയിച്ചു.

കണ്ടെയ്ന്‍മെന്റ് സോണുകള്‍ കൂടുതല്‍ കൃത്യമായി നിര്‍ണയിക്കുന്നതിനായി വാര്‍ഡ് തലത്തിലുള്ള ഡാറ്റ വിശകലനം സാധ്യമാക്കണമെന്ന് നവ്‌ജ്യോത് ഖോസ നിര്‍ദ്ദേശിച്ചു. രോഗവ്യാപനം കുറയ്ക്കുന്നതിനായി ആവശ്യമുള്ളയിടങ്ങളിലെല്ലാം ഡി.സി.സികളിലേക്കും സി.എഫ്.എല്‍.ടി.സികളിലേക്കും രോഗികളെ മാറ്റുന്നത് പ്രോത്സാഹിപ്പിക്കണം. ഇത് വീടുകളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെടുന്നത് കുറയ്ക്കാന്‍ സഹായിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *