Monday, January 6, 2025
Kerala

വാക്കുതർക്കം: കൊല്ലത്ത് തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

കൊല്ലം നീണ്ടകരയിൽ തമിഴ്നാട് സ്വദേശിയെ സുഹൃത്ത് തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി. തമിഴ്നാട് മധുരൈ ഇല്യാസ് നഗർ സ്വദേശി മഹാലിംഗമാണ് കൊല്ലപ്പെട്ടത്. ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തെ സഹപ്രവർത്തകനായ കോട്ടയം കറുകച്ചാൽ സ്വദേശി ബിജുവാണ് കൊലപ്പെടുത്തിയത്. ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

നീണ്ടകര പുത്തൻതുറ കൊന്നയിൽ ബാലഭദ്ര ദേവീക്ഷേത്രത്തിൽ ഇന്നു പുലർച്ചെയാണ് സംഭവം നടക്കുന്നത്. ക്ഷേത്ര നിർമാണത്തിന് എത്തിയവരാണ് ഇരുവരും. ഇന്നലെ രാത്രി ഇവർ തമ്മിൽ വാക്കുതർക്കവും കയ്യാങ്കളിയും ഉണ്ടായി.ഇതിനുശേഷം പുലർച്ചെ ഒന്നരയോടെ ഉറങ്ങിക്കിടക്കുകയായിരുന്ന മഹാലിംഗത്തിന്റെ തല കമ്പിവടി കൊണ്ട് സഹപ്രവർത്തകനായ ബിജു തല്ലിത്തകർക്കുകയായിരുന്നു.

ഇതിനുശേഷം ഇയാൾത്തന്നെ പുലർച്ചെ 2 മണിയോടെ 108ൽ വിളിച്ച് ആംബുലൻസ് വരുത്തി. ആംബുലൻസ് ജീവനക്കാർ എത്തിയപ്പോഴാണ് അതിദാരുണമായി കൊല്ലപ്പെട്ട നിലയിൽ മഹാലിംഗത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ചവറ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം ഇൻക്വസ്റ്റ് നടപടി പൂർത്തിയാക്കി പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ബിജുവിനെ പോലീസ് അറസ്റ്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *