വിഴിഞ്ഞം സംഘർഷം: ആർച്ച് ബിഷപ്പിനെതിരായ കേസ് പിൻവലിക്കില്ലെന്ന് സർക്കാർ
വിഴിഞ്ഞം സംഘർഷവുമായി ബന്ധപ്പെട്ട് ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയ്ക്കെതിരായ പൊലീസ് കേസ് പിൻവലിക്കില്ലെന്ന് സർക്കാർ. ക്രമസമാധാന ലംഘനമുണ്ടായ കേസിൽ തുടർനടപടികൾ പുരോഗമിക്കുകയാണെന്നും അനൂപ് ജേക്കബ് എംഎൽഎയുടെ ചോദ്യത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ മറുപടി നൽകി.
പൊലീസ് സ്റ്റേഷൻ അടക്കം അടിച്ചു തകർത്ത സംഘര്‍ഷത്തിൽ ലത്തീൻ അതിരൂപത ആര്‍ച്ച് ബിഷപ്പ് തോമസ് ജെ നെറ്റോയെ ഒന്നാം പ്രതിയാക്കിയാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. പദ്ധതി പ്രദേശത്തെ സമരപ്പന്തിലേക്ക് സംഘടിച്ചെത്തി സംഘര്‍ഷമുണ്ടാക്കിയ കണ്ടാലറിയുന്ന ആയിരക്കണക്കിന് പേരും പ്രതിയാണ്.
ഹൈക്കോടതി വിധി ലംഘിച്ചാണ് സമരം നടത്തിയത്. ആ സാഹചര്യത്തിൽ നിയമാനുസൃതമായാണ് പൊലീസ് നടപടിയെടുത്തത്.തുറമുഖ നിർമ്മാണത്തിനെതിരെ വിഴിഞ്ഞത്ത് സമരസമിതി നടത്തിയ സമരമാണ് സംഘർഷാവസ്ഥയിലേക്ക് കഴിഞ്ഞ ദിവസമെത്തിയത്.