മാപ്പിളപ്പാട്ട് ഗായിക വിളയില്‍ ഫസീല അന്തരിച്ചു
പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക വിളയിൽ ഫസീല അന്തരിച്ചു. 63 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് കോഴിക്കോട് വെള്ളിപറമ്പിലെ വീട്ടിലായിരുന്നു അന്ത്യം. 80 കളിൽ വിഎം കുട്ടിയോടൊപ്പം മാപ്പിളപ്പാട്ട് വേദികളിൽ തിളങ്ങിയ പാട്ടുകാരിയായിരുന്നു. വിളയിൽ വത്സല എന്ന പേരിലാണ് ആദ്യ കാലത്ത് അറിയപ്പെട്ടിരുന്നത്. മൈലാഞ്ചി, 1921 തുടങ്ങിയ സിനിമകളിലും പാടിയിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ ചീക്കോട് പഞ്ചായത്തിൽ വിളയിലിൽ ഉള്ളാട്ടുതൊടി കേളൻ-ചെറുപെണ്ണ് ദമ്പതികളുടെ മകളായാണു ജനനം. അന്തരിച്ച മാപ്പിളപ്പാട്ട് ഗായകൻ വി.എം കുട്ടിയാണ് സംഗീതരംഗത്തേക്കുള്ള വഴിനടത്തിയത്.
‘മുഹമ്മദ് മുസ്തഫ’ എന്ന ചിത്രത്തിൽ പി.ടി അബ്ദുറഹ്മാന്റെ രചനയായ ‘അഹദവനായ പെരിയോനേ’ എന്ന ഗാനം എം.എസ് വിശ്വനാഥന്റെ സംഗീതത്തിൽ ഫസീല ആദ്യമായി പാടി. ഹസ്ബീ റബ്ബീ ജല്ലല്ലാഹ്, ഹജ്ജിന്റെ രാവിൽ ഞാൻ കഅ്ബം കിനാവ് കണ്ടു, ആകെലോക കാരണ മുത്തൊളി, ഉടനെ കഴുത്തെന്റെ, ആനെ മദനപ്പൂ, കണ്ണീരിൽ മുങ്ങി, മണിമഞ്ചലിൽ, പടപ്പു പടപ്പോട്, റഹ്മാനല്ലാ, ഉമ്മുൽ ഖുറാവിൽ, യത്തീമെന്നെ, മക്കത്ത് പോണോരെ പ്രശസ്ത ഗാനങ്ങളാണ്.
കേരള മാപ്പിള കലാ അക്കാദമി ഏർപ്പെടുത്തിയ ലൈഫ് ടൈം അച്ചീവ്‌മെന്‍റ് അവാർഡ്, ഫോക് ലോര്‍ അക്കാദമി ലൈഫ് അച്ചീവ്‌മെന്‍റ് അവാർഡ്, മാപ്പിള കലാരത്‌നം അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.