റെസ്റ്റോറന്റിൽ പരസ്യ മദ്യപാനവുമായി വിദ്യാർത്ഥികൾ, ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടെന്ന് പരാതി; ഹോട്ടൽ ജീവനക്കാരുമായി സംഘർഷം
കൊച്ചിയിലെ ഹോട്ടലിൽ മദ്യലഹരിയിലെത്തിയ വിദ്യാർത്ഥികളുടെ പരാക്രമം. ഇടപ്പള്ളി മരോട്ടിച്ചാൽ താൽ റെസ്റ്റോറന്റിലാണ് അനിഷ്ട സംഭവങ്ങളുണ്ടായത്. ഭക്ഷണം കഴിക്കാനെത്തിയ വിദ്യാർത്ഥികൾ പരസ്യ മദ്യപാനം നടത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഹോട്ടൽ ജീവനക്കാരും വിദ്യാർത്ഥികളും തമ്മിൽ സംഘർഷം ഉണ്ടായത്.
സംഘർഷത്തെ തുടർന്ന് വിദ്യാർത്ഥികൾ ഹോട്ടലിലെ ഭക്ഷണത്തിൽ മണ്ണ് വാരിയിട്ടു. സംഭവത്തിൽ മൂന്ന് പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തു. കോഴിക്കോട് സ്വദേശികളായ ആഷിക്ക്, ഇസ്മായിൽ, മുഹമ്മദ് എന്നിവരെയാണ് കസ്റ്റഡിയിൽ എടുത്തത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ട്വന്റി ഫോറിന് ലഭിച്ചു. ഹോട്ടൽ ജീവനക്കാരുടെ മൊഴിയുടെ കൂടി അടിസ്ഥാനത്തിലായിരിക്കും പൊലീസ് തുടർ നടപടികൾ സ്വീകരിക്കുക.