മലപ്പുറത്തെ അവഗണിക്കുന്നുവെന്ന വാദം തെറ്റ്; പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കുമെന്ന് മന്ത്രി വി.ശിവൻകുട്ടി
പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിച്ച മുഴുവൻ പേർക്കും സീറ്റ് ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ ചിലർ അനാവശ്യമായ വിവാദം ഉണ്ടാക്കുകയാണ്. മലപ്പുറം ജില്ലയ്ക്ക് 14 അധിക ബാച്ച് അനുവദിച്ചതായി മന്ത്രി പറഞ്ഞു.
പ്ലസ് വൺ പ്രവേശനത്തിന് മലപ്പുറം ജില്ലയക്ക് 14 അധിക ബാച്ച് അനുവദിക്കുമെന്ന പ്രഖ്യാപനവുമായാണ് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇന്ന് മാധ്യമങ്ങളെ കണ്ടത്. മറ്റ് ജില്ലകളിൽ ഒഴിഞ്ഞു കിടക്കുന്ന സീറ്റ് മലപ്പുറത്തേക്ക് നൽകും. മലപ്പുറം ജില്ലയെ അവഗണിക്കുന്നു എന്ന രീതിയിൽ അനാവശ്യമായ വിവാദം ചിലർ ഉണ്ടാക്കുകയാണ്. മലപ്പുറത്ത് 80,922 വിദ്യാർത്ഥികളാണ് ആകെ അപേക്ഷകരായിട്ടുള്ളത്. മലപ്പുറത്തിന്റെ സ്ഥിതി പ്രത്യേകമായി പരിഗണിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
അതേ സമയം പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ പ്രതിഷേധിച്ച് എം.എസ്.എഫ് മലബാറിലെ 54 കേന്ദ്രങ്ങളിൽ മലബാർ സ്തംഭന സമരം സംഘടിപ്പിച്ചു. കോഴിക്കോട് പേരാമ്പ്രയിൽ ഫ്രറ്റേണിറ്റി പ്രവർത്തകർ മന്ത്രി വി ശിവൻകുട്ടിയുടെ വാഹന വ്യൂഹനത്തിന് നേരെ കൊടി വീശി പ്രതിഷേധിച്ചു. ജില്ല സെക്രട്ടറിയേറ്റ് അംഗം അഫ്നാൻ വേളത്തെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.