ഫോണിലെ പ്രാഥമിക പരിശോധനയിൽ സന്ദീപ് ലഹരി ഉപയോഗിച്ചതായി കണ്ടെത്താനായില്ല; വിഡിയോ അയച്ച ആളെയും കണ്ടെത്താനാകാതെ പൊലീസ്
നാടിനെ നടുക്കിയ ഡോ വന്ദനാ ദാസ് കൊലപാതകക്കേസ് പ്രതി സന്ദീപിന്റെ ഫോണിൽ നടത്തിയ പ്രാഥമിക പരിശോധനയിൽ ലഹരി ഉപയോഗം സംബന്ധിച്ച് പൊലീസിന് വിവരങ്ങൾ കിട്ടിയില്ല. പ്രതി അക്രമത്തിന് മുൻപ് എടുത്ത വീഡിയോ അയച്ച ആളെയും കണ്ടെത്താനായിട്ടില്ല. പുലര്‍ച്ചെ പ്രതി പൊലീസിനെ ഫോണിൽ വിളിക്കുന്നതിന് മുൻപ് ജോലി ചെയ്യുന്ന സ്കൂളിലെ പ്രധാന അധ്യാപികക്ക് വീഡിയോ സന്ദേശം അയച്ചു. തന്നെ ചിലര്‍ കൊല്ലാൻ ശ്രമിക്കുന്നുവെന്നായിരുന്നു വീഡിയോ സന്ദേശത്തിൽ സന്ദീപ് പറഞ്ഞത്. പ്രതിയുടെ ശാരീരിക, മാനസിക ആരോഗ്യ നില മെച്ചപ്പെട്ട ശേഷം മാത്രം സന്ദീപിനെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്റെ നീക്കം.
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് പൊലീസ് എത്തിച്ച സന്ദീപ് ഹൗസ് സർജനായ വനിതാ ഡോക്ടർ 22 കാരിയായ വന്ദനയെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കോട്ടയം മുട്ടുചിറ സ്വദേശിയായ ഡോ വന്ദന ദാസ്, കോട്ടയം മുട്ടുചിറയിൽ വ്യാപാരിയായ കെ ജി മോഹന്‍ദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളാണ്. കൊലയാളി കുവട്ടൂർ സ്വദേശി സന്ദീപ് നെടുമ്പന യുപി സ്കൂൾ അധ്യാപകനാണ്. ഇയാളെ സർവീസിൽ നിന്ന് സസ്പെന്റ് ചെയ്തു. പ്രതി ലഹരിക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു.
ഡോ വന്ദനയെ സന്ദീപ് പിന്തുടർന്ന് കുത്തിയെന്നാണ് എഫ്.ഐ.ആർ. കാലിലെ മുറിവിൽ മരുന്ന് വെയ്ക്കുന്നതിനിടെ സന്ദീപ് കത്രിക കൈക്കലാക്കുകയായിരുന്നു. യാതൊരു പ്രകോപനവുമില്ലാതെ വന്ദനയുടെ തലയിൽ ആദ്യം കുത്തി. ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ നിന്നെയൊക്കെ കുത്തികൊല്ലുമെന്ന് ആക്രോശിച്ചുവെന്നും എഫ്ഐആറിൽ പറയുന്നു.