ഇതര സംസ്ഥാന തൊഴിലാളിക്കെതിരായ പരാതിയില്‍ നടപടിയില്ല; ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്‌യുവതിയുടെ ആത്മഹത്യാ ഭീഷണി
ആലുവ പൊലീസ് സ്റ്റേഷന് മുന്നില്‍ ട്രാന്‍സ്‌യുവതിയുടെ ആത്മഹത്യാ ഭീഷണി. സ്‌റ്റേഷന് മുന്നിലെ ആല്‍മരത്തില്‍ കയറിയാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ ആക്രമിച്ചെന്ന പരാതിയില്‍ നടപടിയെടുക്കാത്തതിനാണ് പ്രതിഷേധം.
ഇന്ന് പുലര്‍ച്ചെ മുതലാണ് ട്രാന്‍സ്‌യുവതിയായ അന്ന രാജു ആലുവ പൊലീസ് സ്റ്റേഷന് മുന്‍പിലെ ആല്‍മരത്തില്‍ കയറി ആത്മഹത്യാഭീഷണി മുഴക്കിയത്. കഴിഞ്ഞ ദിവസം ഇതര സംസ്ഥാനക്കാരായിട്ടുള്ള ട്രാന്‍സ്‌ജെന്‍ഡറുമായി ഇവര്‍ക്ക് ചില പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികള്‍ ആക്രമിച്ചു എന്ന പരാതിയാണ് അന്നാ രാജു പൊലീസിന് നല്‍കിയത്. എന്നാല്‍ ഈ പരാതിയില്‍ യാതൊരുവിധ നടപടിയും ഉണ്ടായില്ല എന്ന് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് ആത്മഹത്യാ ഭീഷണി മുഴക്കുന്നത്.
ഇന്നലെ രാത്രി എടയപ്പുറത്ത് ഇതര സംസ്ഥാനക്കാരായ ട്രാന്‍സ്‌ജെന്‍ഡറുകള്‍ താമസിക്കുന്ന വീടിന് നേരെ ആക്രമണമുണ്ടായിരുന്നു. ഇരുകൂട്ടരും തമ്മില്‍ കുറച്ചു കാലങ്ങളായി സംഘര്‍ഷങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും ഇരുകൂട്ടരുടെയും പരാതി മുന്‍പിലുണ്ടെന്നും പൊലീസ് പറഞ്ഞു.ഈ കേസുകളില്‍ അന്വേഷണം നടക്കുകയാണ്. അതിനുശേഷം മാത്രമേ നടപടിയിലേക്ക് നീങ്ങാന്‍ കഴിയുകയുള്ളൂവെന്നാണ് പൊലീസ് നിലപാട്. നിലവില്‍ അന്ന രാജുവിനെ മരത്തില്‍ നിന്നിറക്കി സമവായത്തില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.