മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും
മുഖ്യമന്ത്രിയുടെ ദുരിതാശ്വസനിധി വകമാറ്റൽ കേസിൽ റിവ്യൂ ഹർജി ഇന്ന് പരിഗണിക്കും. ഉച്ചയ്ക്ക് 12 മണിക്കാണ് റിവ്യൂ ഹർജി ലോകായുക്ത പരിഗണിക്കുന്നത്. കേസ് മൂന്നംഗ ബെഞ്ചിനു വിട്ടതിനെതിരെയായിരുന്നു റിവ്യൂ ഹർജി. അതേ സമയം ഇന്ന് ഉച്ചയ്ക്ക് ശേഷം ഹർജി മൂന്നംഗ ബെഞ്ചും കേൾക്കുന്നുന്നുണ്ട്. പുനപരിശോധന ഹർജിയുടെ കാര്യത്തിൽ തീർപ്പ് കൽപ്പിച്ച ശേഷമായിരിക്കും ഫുൾ ബെഞ്ച് കേസ് പരിഗണിക്കുക. മുതിർന്ന അഭിഭാഷകന് ഹാജരാകാൻ കഴിയാത്തതിനാൽ വാദി ഭാഗം ആവശ്യപ്രകാരമാണ് റിവ്യൂ ഹർജി പരിഗണിക്കുന്നത് ഇന്നത്തേക്ക് മാറ്റിയത്.
ജഡ്ജിമാരെ അധിക്ഷേപിക്കുന്നത് ചൂണ്ടിക്കാട്ടി ഹർജിക്കാരനെ ഇന്നലെ ലോകായുക്തയും ഉപലോകായുക്തയും വിമർശിച്ചിരുന്നു. മുഖ്യമന്ത്രി ജഡ്ജിമാരെ സ്വാധീനിച്ചത് ഹർജിക്കാരനായ ആർ. എസ് ശശികുമാർ കണ്ടിട്ടുണ്ടോ എന്ന് രണ്ട് അംഗ ബെഞ്ച് ചോദിച്ചു. ജഡ്ജിമാരെ അപകീർത്തിപ്പെടുത്തുന്ന വിധത്തിലാണ് ഹർജിക്കാരൻ പെരുമാറുന്നത്. വിശ്വാസമില്ലെങ്കിൽ എന്തിനാണ് ഈ ബെഞ്ചിനെ സമീപിച്ചതെന്നും കോടതി ചോദിച്ചു.
ലോകായുക്തയിൽ നിന്നുണ്ടായ വിമർശനങ്ങൾ നിരാശാജനകമാണെന്ന് ഹർജിക്കാരനായ ആർ.എസ്.ശശികുമാർ പ്രതികരിച്ചിരുന്നു. ഒരു വർഷത്തിന് ശേഷം കേസ് നിലനിൽക്കുമോ എന്ന് ലോകായുക്ത വീണ്ടും പരിശോധിക്കുന്നത് നീതിന്യായ വ്യവസ്ഥയുടെ ലംഘനമാണെന്നും ഇക്കാര്യമാണ് താൻ റിവ്യൂ ഹർജിയിൽ ചൂണ്ടികാണിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. ലോകായുക്തയിൽ വിശ്വാസമുണ്ട്. എന്നാൽ, ലോകായുക്തയുടെ നടപടികളെയാണ് വിമർശിക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.