തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന് കുടുംബത്തിന്റെ പരാതി. കൊല്ലം ചടയമംഗലം സ്വദേശി 32 വയസുള്ള അശ്വതിയുടെ മരണത്തിൽ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
മെഡിക്കൽ ബോർഡ് യോഗം ചേർന്ന് പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്നാണ് ആശുപത്രി സൂപ്രണ്ടിന്റെ വിശദീകരണം. പൊലീസ് അന്വേഷണം നടക്കുന്നതിനാൽ പ്രതികരിക്കാൻ ഇല്ലെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.
ജൂലൈ 24നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ നിന്ന് തിരുവനന്തപുരത്തെ ആശുപത്രിയിൽ അശ്വതിയെ പ്രവേശിപ്പിച്ചത്. ഈ മാസം നാലിന് ശസ്ത്രക്രിയയിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. തുടർന്ന് ബന്ധുക്കൾ അശ്വതിയെ കണ്ടിരുന്നു. എന്നാൽ മണിക്കൂറുകൾ കഴിഞ്ഞപ്പോൾ യുവതിക്ക് അസഹനീയമായ വയറുവേദന ഉണ്ടായെന്ന് കുടുംബം പറയുന്നു. അതിനുശേഷം നടത്തിയ ശാസ്ത്രക്രിയയ്ക്ക് ശേഷമാണ് യുവതി മരിച്ചതെന്നാണ് പരാതി.
എന്തിനാണ് രണ്ടാമത് ശസ്ത്രക്രിയ നടത്തിയത് എന്ന വിവരം ഡോക്ടർമാർ അറിയിച്ചിരുന്നില്ലെന്ന് പരാതിയിൽ പറയുന്നു. ശസ്ത്രക്രിയയിൽ ഡോക്ടർമാർക്കുണ്ടായ വീഴ്ചയാണ് മരണ കാരണമെന്നാണ് കുടുംബത്തിന്റെ ആരോപണം.