വനംവകുപ്പിന്റെ കസ്റ്റഡിയിൽ മരിച്ച മത്തായിയുടെ മൃതദേഹം സംസ്‌കരിക്കാതെ ബന്ധുക്കൾ; 14 ദിവസം പിന്നിട്ടു
വനംവകുപ്പ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ പത്തനംതിട്ട ചിറ്റാറിലെ ഫാം ഉടമ മത്തായിയുടെ മൃതദേഹം പതിനാല് ദിവസമായിട്ടും സംസ്‌കരിക്കാതെ ബന്ധുക്കൾ. കേസിൽ ആരോപണവിധേയരായ ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം
കഴിഞ്ഞ മാസം 28നാണ് മത്തായിയെ ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യയും രണ്ട് മക്കളും അമ്മയും വിധവയായ സഹോദരിയുടെയും ഏക അത്താണിയായിരുന്നു മത്തായി. യുവാവിനെ വനംവകുപ്പ് കസ്റ്റഡിയിലെടുത്ത നടപടി തന്നെ നിയമലംഘനമായിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്തു.
എന്നാൽ കേസിൽ പ്രതികളായ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ബന്ധുക്കളുടെയും ആക്ഷൻ കൗൺസിലിന്റെയും നിലപാട്. ജില്ലാ ഭരണകൂടം സമവായ ചർച്ചകൾക്ക് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല