‘ഇത്രയും കാലം സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേർന്നത്’; തുറന്നടിച്ച് കെ സുധാകരൻ
സംയുക്ത ഗ്രൂപ്പ് യോഗത്തിനെതിരെ തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മുതിർന്ന നേതാക്കൾ സംയുക്ത ഗ്രൂപ്പ് യോഗത്തിൽ പങ്കെടുത്തത് ശരിയായില്ല. ഇത്രയും കാലം സൗഭാഗ്യം അനുഭവിച്ച നേതാക്കളാണ് യോഗം ചേർന്നത്. ചിലരുടെ പ്രസ്താവനകൾ ബാലിശമാണെന്നും കെ സുധാകരൻ കുറ്റപ്പെടുത്തി.
പാർട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്‌നങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വലിച്ചിഴക്കാൻ പാടില്ലായിരുന്നു. മാധ്യമങ്ങൾക്ക് മുന്നിൽ വിവരങ്ങൾ അറിയിച്ചതിലും പക്വത കുറവുണ്ടായി. എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടെങ്കിൽ ഹൈക്കമാൻഡ് പറയട്ടെയെന്നും പരിഹാരം കണ്ടെത്താമെന്നും സുധാകരൻ പറഞ്ഞു. ഗ്രൂപ്പ് യോഗത്തിൽ അണികൾക്ക് കടുത്ത അമർഷമുണ്ട്. അതാണ് സമൂഹ മാധ്യമങ്ങളിൽ കാണുന്നതെന്നും സുധാകരൻ കൂട്ടിച്ചേത്തു.
കോൺഗ്രസ് പാർട്ടിക്ക് പരസ്പര വിശ്വാസം നഷ്ടപ്പെട്ടെന്ന് ആരോപിച്ച് യു.ഡി.എഫ് കൺവീനർ എം.എം ഹസ്സൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഐക്യം നഷ്ടപ്പെടുന്നുണ്ടെന്നും അതിന് ഉത്തരവാദികളോട് ചർച്ച നടത്തിയിട്ട് കാര്യമില്ലെന്നും ഹൈക്കമാൻഡിന് മാത്രമേ ഈ പ്രശ്നം പരിഹരിക്കാൻ കഴിയൂ എന്നും ഹസ്സൻ കൂട്ടിച്ചേർത്തു. അതേസമയം, കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരിലും വിഡി സതീശനെതിരായ എഐ ഗ്രൂപ്പുകളുടെ യോജിച്ച നീക്കത്തിലും പ്രതികരണവുമായി കെ മുരളീധരന്‍ എംപി രംഗത്ത് വന്നിരുന്നു. ഒറ്റതിരിഞ്ഞ് ആക്രമിക്കുന്നത് കോൺഗ്രസിൽ പതിവാണ്. നേരത്തെ ഇത് കരുണാകരനെതിരെയായിരുന്നു. അത് ഇപ്പോഴും തുടരുകയാണെന്നും മുരളീധരന്‍ കുറ്റപ്പെടുത്തി.