Thursday, January 9, 2025
Kerala

ഇ-ബുൾ ജെറ്റിനെതിരെ എംവിഡിയുടെ കടുത്ത നടപടി, വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി

 

കണ്ണൂർ: വിവാദ വ്ലോഗർ സഹോദരങ്ങളായ ഇ-ബുൾ ജെറ്റിന്റെ വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദാക്കി. നിയമവിരുദ്ധമായ രൂപമാറ്റം വരുത്തിയ ടെംപോ ട്രാവലറിന്റെ രജിസ്ട്രേഷനാണ് റദ്ദാക്കിയിരിക്കുന്നത്. വാഹനം രൂപമാറ്റം വരുത്തിയത് സംബന്ധിച്ചുള്ള വിഷയത്തിൽ വാഹന ഉടമകളുടെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് എംവിഡിയുടെ നടപടി. ആറ് മാസത്തേക്കാണ് രജിസ്ട്രേഷൻ റദ്ദാക്കിയിരിക്കുന്നത്.

ഇബുൾ ജെറ്റിനെതിരായ കേസിൽ എംവിഡി നേരത്തെ തന്നെ കുറ്റപത്രം സമർപ്പിച്ചതാണ്. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. 42400 രൂപ പിഴ ഒടുക്കാത്തതിനെ തുടർന്നാണ് കോടതിയിൽ മോട്ടോർ വാഹന വകുപ്പ് കുറ്റപത്രം നൽകിയത്. 1988-ലെ എംവിഡി നിയമവും, കേരള മോട്ടോർ നികുതി നിയമവും ലംഘിച്ചെന്ന് കുറ്റപത്രത്തിൽ ആരോപിക്കുന്നു.

ഓഗസ്റ്റ് ഒമ്പതിന് കണ്ണൂർ ആർടിഓഫീസിൽ എത്തി ബഹളം വയ്ക്കുകയും , പൊതുമുതൽ നശിപ്പിക്കുകയും, ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസ്സം നിൽക്കുകയും ചെയ്ത കേസിലാണ് ഈ ബുൾ ജെറ്റ് സഹോദരങ്ങൾ അറസ്റ്റിലായത്. റിമാൻഡിലായതിന്‍റെ പിറ്റേ ദിവസം മജിസ്ട്രേറ്റ് കോടതി ഇവർ‍ക്ക് ജാമ്യം അനുവദിച്ചിരുന്നു.

നേരത്തെ പൊതുമുതൽ നശിപ്പിച്ചെന്ന കേസിൽ മജിസ്ട്രേറ്റ് കോടതിയിൽ ഇവർ ഏഴായിരം രൂപ കെട്ടിവച്ചിരുന്നു. പത്ത് വകുപ്പുകളാണ് കണ്ണൂർ ടൗണ്‍ പൊലീസ് ഇവ‍ർക്കെതിരെ ചുമത്തിയിട്ടുള്ളത്.

Leave a Reply

Your email address will not be published. Required fields are marked *