Monday, March 10, 2025
Kerala

റോഡിലെ കുഴിയില്‍ വീണ് പരിക്ക്; ഇന്‍ഷുറന്‍സ് തുക തട്ടാനുള്ള അതിഥി തൊഴിലാളിയുടെ നാടകം പൊളിച്ച് പൊലീസ്

നെടുങ്കണ്ടം : കാല്‍വഴുതി കുഴിയില്‍ വീണുണ്ടായ അപകടം വാഹനാപകടമാക്കി മാറ്റി ഇന്‍ഷുറന്‍സ് തട്ടാനുള്ള അതിഥി തൊഴിലാളിയുടെ പദ്ധതി പൊളിച്ച് പൊലീസ്. കഴിഞ്ഞ ദിവസം തൂക്കുപാലം പമ്പിന് സമീപം കാറിടിച്ചുണ്ടായ അപകടത്തില്‍ താടിയെല്ലിന് പൊട്ടലുണ്ടാകുകയും തലയില്‍ പരിക്ക് പറ്റുകയും ചെയ്തെന്ന പേരില്‍ ബംഗാള്‍ സ്വദേശിയായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.

തുടര്‍ന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം സബ് ഇന്‍സ്‌പെക്ടര്‍ ടി.എസ് ജയകൃഷ്ണന്റെ നേത്യത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് നാടകീയ സംഭവത്തിന്റെ ചുരുള്‍ അഴിഞ്ഞത്. വാഹനമിടിച്ച് ഉണ്ടായെന്ന് പറയുന്ന ആളിന്റെ തലയ്ക്കും താടിയെല്ലിനും മാത്രമാണ് പരുക്കു പറ്റിയെന്നതാണ് പൊലീസിന് സംശയത്തിന് ഇടയാക്കിയത്. യുവാവിനെ ചികിത്സിച്ച ഡോക്ടറും ഇത്തരത്തില്‍ സംശയം പ്രകടപ്പിച്ചിരുന്നു.

സംഭവം നടന്ന ദിവസം സമീപത്തെ വിവിധ സിസിടിവി പരിശോധനയിലൂടെ വാഹനമിടിച്ചുവെന്ന് പറയുന്ന സമയത്ത് കാറുകള്‍ ഒന്നുംതന്നെ അപകട സ്ഥലത്തുകൂടി കടന്ന് പോയിട്ടില്ലായെന്ന് വ്യക്തമായി. അപകടം സംഭവിച്ച യുവാവിന്റെ കൂടെ താമസിച്ച് വരുന്നവരെ ചോദ്യം ചെയ്തതോടെയാണ് തട്ടിപപ് പൊളിഞ്ഞത്.

താമസിക്കുന്ന സ്ഥലത്തിന് സമീപത്തുള്ള വലിയ കുഴിയില്‍ കാല്‍ വഴുതി വീണാണ് അപകടം ഉണ്ടായത്. വാഹനമിടിച്ചതാണെന്ന് തെളിയിച്ചാല്‍ ഇന്‍ഷുറന്‍സായി വന്‍ തുക ലഭിക്കുമെന്ന ധാരണയാണ് ഇവരെ ഇത്തരത്തില്‍ പരാതി നല്‍കുവാന്‍ കാരണമായത്. താടിയെല്ലിന് പരിക്ക് പറ്റി സംസാരിക്കുവാന്‍ കഴിയാതെ ആശുപത്രിയില്‍ കഴിയുന്ന യുവാവിന്റെ മൊഴി കൂടി ലഭിച്ചാല്‍ മാത്രമേ കേസിനെ സംബന്ധച്ച് കൂടുതല്‍ വ്യക്തത വരുകയുള്ളുവെന്ന് പൊലീസ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *