Monday, April 14, 2025
Kerala

കെഎസ്ആർടിസിയിൽ ശമ്പള കുടിശികയില്ല, ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്ന് മാത്രം; മന്ത്രി ആന്റണി രാജു

ശമ്പള കുടിശിക കെഎസ്ആർടിസിയിൽ ഇല്ലെന്നും ദിവസം അങ്ങോട്ടും ഇങ്ങോട്ടും മാറുമെന്ന് മാത്രമേയുള്ളൂവെന്നും മന്ത്രി ആന്റണി രാജു.ഇതിനെ ദുർവ്യാഖ്യാനം ചെയ്ത് തെറ്റായ പ്രചരണം നടത്തുകയാണ്. ശമ്പളം ഒന്നിച്ച് നൽകാനാണ് സർക്കാർ ആഗ്രഹിക്കുന്നത്. അതിൽ സർക്കാരിന് അഭിപ്രായ വ്യത്യാസം ഇല്ലെന്നും അദ്ദേഹം വിശദീകരിച്ചു.

ധനകാര്യ വകുപ്പിൽ നിന്ന് 5ാം തിയതിക്കുള്ളിൽ പണം ലഭിച്ചാൽ അതിന് സാധിക്കും. ധനകാര്യ വകുപ്പിൽ നിന്നുള്ള പണം പല കാരണങ്ങൾ കൊണ്ടും വൈകുകയാണ്. ധനമന്ത്രിയുമായി ആശയവിനിമയം നടത്തുന്നുണ്ട്. മൂന്ന് യൂണിയനുകളുമായി പ്രത്യേകം പ്രത്യേകം ചർച്ച നടത്തിയിട്ടുമുണ്ട്. ശമ്പളവും ടാർഗറ്റുമായി ബന്ധമില്ലെന്ന് ജീവനക്കാർക്ക് ബോധ്യപ്പെട്ടിട്ടുണ്ട്.

നിർബന്ധിത വി.ആർ.എസ് ഇല്ലെന്നും ജീവനക്കാർക്ക് മനസിലായിക്കഴിഞ്ഞു. തുടർ ചർച്ചകൾക്ക് സർക്കാർ ഒരുക്കമാണ്. സമരം ചെയ്തുകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകില്ല. മനപ്പൂർവം ആരും ഉണ്ടാക്കിയ പ്രതിസന്ധിയല്ലയിത്. ഈ മാസത്തെ ശമ്പളം അഞ്ചാം തീയ്യതിയോടെ പകുതി നൽകിയിരുന്നു. ധനകാര്യ വകുപ്പിൽ നിന്ന് പണം ലഭിച്ചാൽ ബാക്കി കൂടി ഉടൻ നൽകും.

കെഎസ്ആർടിസിയിലെ പ്രതിസന്ധി ഘട്ടംഘട്ടമായി മാറ്റിയെടുക്കാൻ ശ്രമിക്കുകയാണ്. ഇന്ധനത്തിനുള്ള ബൾക് പർച്ചേസ് കേന്ദ്രം എടുത്തു മാറ്റി.
ഇത് കെഎസ്ആർടിസിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നുണ്ട്. വരുമാനത്തെക്കാൾ കൂടുതലാണ് ചെലവാണ് വരുന്നത്. ഡിസംബർ മാസത്തിലെ വരവ് ചെലവ് കണക്കുകൾ യൂണിയനുകളെ ബോധ്യപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *