Thursday, January 9, 2025
Kerala

പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രി അന്താരാഷ്ട്ര നിലവാരത്തിലേക്ക്

തിരുവനന്തപുരം പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ആയുര്‍വേദ സ്വാസ്ഥ്യ കേന്ദ്രമാക്കി ഉയര്‍ത്തുമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കേരളത്തിന്റെ അഭിമാനമായ ആധികാരിക ആയുര്‍വേദ പഞ്ചകര്‍മ്മം ഉള്‍പ്പെടെയുള്ള സ്വാസ്ഥ്യ ചികിത്സാ വിധികള്‍ ലോകത്തിനു മുന്നില്‍ എടുത്തുകാട്ടുവാന്‍ ഉതകുന്ന തരത്തില്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള പ്രത്യേക കേന്ദ്രമാണ് പദ്ധതിയിടുന്നതെന്നും മന്ത്രി വ്യക്തമാക്കി. പൂജപ്പുര സര്‍ക്കാര്‍ പഞ്ചകര്‍മ്മ ആശുപത്രിയിലെ നിര്‍ദിഷ്ട സ്ഥലം സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.

അന്‍പതോളം പേര്‍ക്ക് ഒരേസമയം ചികിത്സതേടാവുന്ന രീതിയില്‍, നവീനവും സുസജ്ജവുമായ ചികിത്സാ മുറികളും താമസ സൗകര്യവുമുണ്ടാകും. കേരളീയ തനിമയിലുള്ള കെട്ടിട നിര്‍മിതിയും ഭൂപ്രകൃതി നവീകരണവുമാണ് നടത്തുക. മികച്ച യോഗാ സെന്റര്‍, വിപുലമായ ഔഷധസസ്യ ഉദ്യാനം, ഔഷധ ആഹാരക്രമം എന്നിവയെല്ലാം സമന്വയിപിച്ച് ആയുര്‍വേദത്തിന്റെ കേരളപെരുമ ലോകജനതയ്ക്ക് എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത്.

തിരുവനന്തപുരം സര്‍ക്കാര്‍ ആയുര്‍വേദ കോളേജിന്റെ അനക്‌സായ പൂജപ്പുര പഞ്ചകര്‍മ്മ ആശുപത്രിയെ നാഷണല്‍ ആയുഷ് മിഷന്റെ സഹകരത്തോടെയാണ് നവീകരിക്കുന്നത്. വരും വര്‍ഷം തന്നെ ഈ കേന്ദ്രത്തിന്റെ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്ന വിധമാണ് പദ്ധതി ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *