കെപിസിസി നേതൃയോഗത്തിന് വയനാട്ടില്‍ തുടക്കം; പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാകും
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരു മുഴം മുന്‍പേ ഒരുങ്ങി കോണ്‍ഗ്രസ്. കെപിസിസിയുടെ രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നേതൃയോഗത്തിന് വയനാട്ടില്‍ തുടക്കമായി. ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പാര്‍ട്ടിയുടെ കര്‍മ്മപരിപാടികളും രാഷ്ട്രീയ തന്ത്രങ്ങളും ആവിഷ്‌കരിക്കുകയാണ് ലക്ഷ്യം. അനന്തമായി നീളുന്ന പുനഃസംഘടനയുടെ കാര്യത്തിലും തീരുമാനമാകും.
സംഘടനപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് വ്യക്തമായ മാര്‍ഗ രേഖയുണ്ടാക്കുകയും ലോക്‌സഭാ തെരഞ്ഞെടുപ്പിന് പാര്‍ട്ടിയെ സജ്ജമാക്കാന്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ കൈക്കൊള്ളുകയുമാണ് നേതൃയോഗത്തിന്റെ പ്രധാന അജണ്ട. പുരോഗമിക്കുന്ന പുനഃസംഘടനാ ചര്‍ച്ചകള്‍ക്ക് അന്തിമ രൂപവും നേതൃയോഗത്തില്‍ ഉണ്ടായേക്കും.
ഈ മാസം തന്നെ പുനഃസംഘടനാ പൂര്‍ത്തിയാക്കുമെന്നാണ് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറയുന്നത്. പുനഃസംഘടനാ നീണ്ടുപോകുന്നത് ദൗര്‍ഭാഗ്യകരമാണ്. പൂര്‍ത്തിയായിരുന്നെങ്കില്‍ കോണ്‍ഗ്രസ്സിന്റെ മുഖം തന്നെ മാറുമായിരുന്നെന്നും സുധാകരന്‍ പറഞ്ഞു.
കെപിസിസി പ്രസിഡന്റെന്ന നിലയില്‍ ചുമതലകള്‍ നിറവേറ്റാന്‍ പ്രതീക്ഷിച്ചത്ര കഴിഞ്ഞില്ലെന്നും അത് സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം മൂലമെന്നും സുധാകരന്‍ സ്വയവിമര്‍ശനം നടത്തി. ഇന്ന് കേരളത്തിലെ അനുകൂല സാഹചര്യം വിലയിരുത്തുകയും സമകാലിക വിഷയങ്ങളില്‍ സ്വീകക്കേണ്ട നിലപാടുകള്‍ സംബന്ധിച്ചുമുള്ള ചര്‍ച്ചകളാകും പ്രധാനമായും നടക്കുക. നാളെയാകും പുനഃസംഘടനാ സംബന്ധിച്ചും 2024 ലെ ലോകസഭ തിരഞ്ഞെടുപ്പിനുള്ള ഒരുക്കം സംബന്ധിച്ചുമുള്ള ചര്‍ച്ചകള്‍ നടക്കുക.കോഴിക്കോട് നടന്ന ചിന്തന്‍ ശിബിരത്തിലെ തീരുമാനങ്ങള്‍ നടപ്പാക്കന്‍ കഴിയാത്തത് ഒരു വിഭാഗം ചര്‍ച്ചകളില്‍ ഉയര്‍ത്തുമെന്നാണ് സൂചന.