വൈദീകം റിസോർട്ട്: ഇപിയുടെ കുടുംബം ഓഹരി ഒഴിവാക്കുന്നു
വൈദീകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിച്ചു. സമകാലിക കേരള രാഷ്ട്രീയത്തിൽ ഏറ്റവും അധികം ചർച്ച ചെയ്യപ്പെട്ട വിവാദമാണ് വൈദീകം റിസോർട്ടുമായി ബന്ധപ്പെട്ടത്. പി. ജയരാജനാണ് സംസ്ഥാന സമിതി യോഗത്തിൽ ഈ റിസോർട്ടുമായി ബന്ധപ്പെട്ട് ഇ.പി ജയരാജനെതിരെ ആഞ്ഞടിച്ചത്. ഈ വിഷയത്തെ തുടർന്ന് പ്രതികരണവുമായി എൽഡിഎഫ് കൺവീനർ കൂടിയായ ഇപി രംഗത്ത് വന്നെങ്കിലും തുടർന്ന് പാർട്ടിയിൽ നിന്ന് അദ്ദേഹം മാറിനിൽക്കുന്നത് പുതുവിവാദങ്ങൾക്ക് തിരി കൊളുത്തിയിരുന്നു.
ഈ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് വൈദീകം റിസോർട്ടിന്റെ ഓഹരികൾ വിറ്റഴിക്കാൻ ഇപി ജയരാജന്റെ കുടുംബം തീരുമാനിക്കുന്നത്. ഓഹരി വിൽക്കാനുള്ള സന്നദ്ധത ഡയറക്ടർ ബോർഡിനെ അറിയിച്ചിട്ടുണ്ട് എന്നാണ് വിവരം. തികച്ചും രാഷ്ട്രീയമായ കാരണങ്ങളാലാണ് ഈ തീരുമാനമെന്ന് വിലയിരുത്തലുകളുണ്ട്. ആകെ 91 .99 ലക്ഷത്തിന്റെ ഓഹരികളാണ് ജയരാജന്റെ ഭാര്യക്കും മകനുമായി ഉള്ളത്. ഇന്ദിര ജോലിയിൽ നിന്നും വിരമിച്ചപ്പോൾ കിട്ടിയ പണം ഉപയോഗിച്ചാണ് ഓഹരികൾ വാങ്ങിയതെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇന്ദിരയ്ക്ക് 81.99 ലക്ഷത്തിന്റേയും ജെയ്‌സണ് 10 ലക്ഷം രൂപയുടേയും ഓഹരി പങ്കാളിത്തമുണ്ട്. ഈ ഓഹരികൾ ഡയറക്ടർ ബോർഡിനോ അവർ നിർദേശിക്കുന്ന വ്യക്തിക്കോ കൈമാറ്റം ചെയ്യാൻ തയാറാണ് എന്ന് നിലപാടിലാണ് കുടുംബം.
“ഈ നാട്ടിലെ ജനങ്ങളെ കൊള്ളയടിച്ച ശേഷം ഒരു രാഷ്ട്രീയ നേതാവ് കെട്ടിപ്പൊക്കിയ റിപ്പോർട്ടുമായി ബന്ധപ്പെട്ട വിഷയമാണ് ഇത്. ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിക്കുന്നത് കോൺഗ്രസ്സുകാർ മാത്രം അല്ല. പരാതി കൊടുക്കണമെന്നും അന്വേഷിക്കണമെന്നും ആവശ്യപ്പെടുന്നത് സിപിഎം ആണ്. ” യൂത്ത് കോൺഗ്രസ് നേതാവ് പറഞ്ഞു.